അന്ന്‌ എംപി തറക്കല്ലിടലിൽ മുഖ്യാതിഥി, ഇന്ന്‌ പദ്ധതിക്കെതിരെ ഉപവാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 12:15 AM | 0 min read

കോഴിക്കോട്‌
നഗരവികസനം ലക്ഷ്യമിട്ട്‌ പാളയം പച്ചക്കറി മാർക്കറ്റ്‌ കല്ലുത്താൻ കടവിലേക്ക്‌ മാറ്റുന്നതിനെതിരെ യുഡിഎഫ്‌ നടത്തുന്ന ഉപവാസ സമരം തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ നാടകം.  പദ്ധതിയുടെ ഭാഗമായ കല്ലുത്താൻ കടവ്‌ ഫ്ലാറ്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ 2009ൽ  മുഖ്യാതിഥിയായി പങ്കെടുത്ത എം കെ രാഘവൻ എംപിയാണ്‌ ഇന്ന്‌ പദ്ധതിക്കെതിരെ ഉപവാസ സമരമിരിക്കുന്നത്‌ എന്നതിലുണ്ട്‌ യുഡിഎഫിന്റെയും എംപിയുടെയും ഇരട്ടത്താപ്പ്‌.
2005-ലാണ് കല്ലുത്താൻ കടവിൽ പച്ചക്കറി മാർക്കറ്റും പകരം കല്ലുത്താൻ കടവ്‌ ഉന്നതി നിവാസികൾക്ക്‌  ഫ്ലാറ്റും നിർമിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്‌. കാഡ്‌കോയുടെ സഹായത്തിലാണ്‌ നിർമാണം നടത്തിയത്‌. 35 വർഷത്തെ നടത്തിപ്പിനുശേഷം കോർപറേഷന്‌ കൈമാറുമെന്നാണ്‌ ധാരണ.  യുഡിഎഫിന്റെ പിന്തുണയോടെ ഐകകണ്‌ഠ്യേന പാസാക്കിയ അജൻഡയ്‌ക്കെതിരെ ഇക്കാലമത്രയും പ്രതിഷേധിക്കാതിരുന്നവരാണ്‌ കച്ചവടക്കാർക്കൊപ്പമെന്ന പ്രതീതിയുണ്ടാക്കി സമരനാടകം നടത്തുന്നത്‌.  ചെറുവിഭാഗത്തിന്റെ പ്രതിഷേധം രാഷ്‌ട്രീയ മുതലെടുപ്പിനായി ആളിക്കത്തിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌.
രണ്ടുവർഷം മുമ്പാണ്‌ 23 കോടിയുടെ ശേഷിക്കുന്ന ഭൂമി കൈമാറിയത്‌. ആ സമയത്തും കൗൺസിലിൽ ഒരു പ്രതിഷേധവുമില്ലാതെ യുഡിഎഫ്‌ പദ്ധതിക്കൊപ്പം നിന്നതാണ്‌. പച്ചക്കറി മാർക്കറ്റ്‌ ഉദ്‌ഘാടനം ഈ വർഷം നടത്താനിരിക്കെയാണിപ്പോൾ പ്രതിഷേധമുയർത്തി തുരങ്കംവയ്ക്കുന്നത്‌. 2019ൽ ഫ്ലാറ്റ്‌ നിർമിച്ച്‌  കൈമാറിയതാണ്‌. 
കരാർ അനുസരിച്ച്‌  ഇനി മാർക്കറ്റ്‌ മാറ്റമാണ്‌ നടക്കേണ്ടത്‌. പകരം പാളയത്ത്‌ വാണിജ്യസമുച്ചയം നിർമിക്കാനുമാണ്‌ പദ്ധതി. 
എല്ലാ കച്ചവടക്കാർക്കും തൊഴിലാളികൾക്കും കോർപറേഷൻ പൂർണമായ പുനരധിവാസം ഉറപ്പുനൽകിയതാണ്‌. കല്ലുത്താൻ കടവിൽ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. അവസാന ഘട്ടത്തിൽ ഒരു വിഭാഗം കച്ചവടക്കാർ മുന്നോട്ടുവച്ച ആശങ്കകൾ ചർച്ചചെയ്‌ത്‌ പരിഹരിക്കുന്നതിനിടയിൽ അതേറ്റുപിടിച്ച്‌ ആളിക്കത്തിക്കുകയായിരുന്നു യുഡിഎഫ്‌. ആധുനിക പച്ചക്കറി മാർക്കറ്റും വാണിജ്യ സമുച്ചയവും വരുന്നതോടെ നഗരവളർച്ചയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന ആശങ്കയിലാണ്‌ പ്രതിഷേധക്കാർക്കൊപ്പമെന്ന്‌ വരുത്തി പദ്ധതി മുടക്കാനായി സമരത്തിനിറങ്ങിയത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home