ആദ്യദിനം 1000 പദ്ധതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 12:13 AM | 0 min read

കോഴിക്കോട്
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ ജില്ല ഒരുങ്ങി. ഒക്‌ടോബർ രണ്ടുമുതൽ 2025 മാർച്ച്‌ 30വരെയുള്ള ക്യാമ്പയിന്റെ ആദ്യദിനം നാടിന്‌ സമർപ്പിക്കുക ആയിരത്തോളം പദ്ധതികൾ. ജനകീയ ക്യാമ്പയിന്റെ ജില്ലാ ഉദ്ഘാടനം ചൊവ്വ വൈകിട്ട് അഞ്ചിന്‌ മരുതോങ്കരയിലും ബുധൻ രാവിലെ ഒമ്പതിന്‌ കൊയിലാണ്ടിയിലുമായി നടക്കും. മന്ത്രി കെ രാജൻ മരുതോങ്കരയിൽ ഹരിതകർമ സേനക്കുള്ള ഇലക്ട്രിക് വാഹനം ഫ്ലാഗ്‌ ഓഫ് ചെയ്താണ്‌ ഉദ്‌ഘാടനം ചെയ്യുക. കാനത്തിൽ ജമീല എംഎൽഎ കൊയിലാണ്ടിയിൽ 26 ശുചിത്വ നിരീക്ഷണ കാമറകൾ നാടിന്‌ സമർപ്പിക്കും.
2 ആർആർഎഫ്‌, 
8 എംസിഎഫ്‌
വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1374 കേന്ദ്രങ്ങളിലാണ്‌ ആദ്യദിനം ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുക. പദ്ധതികളുടെ ഉദ്‌ഘാടനം, പ്രവൃത്തി ഉദ്‌ഘാടനം എന്നിവയാണുണ്ടാവുക. പയ്യോളി നഗരസഭയിലും തോടന്നൂർ ബ്ലോക്കിലും ആർആർഎഫ്‌ നാടിന്‌ സമർപ്പിക്കും. വിവിധയിടങ്ങളിലായി എട്ട്‌ എംസിഎഫും ഉദ്‌ഘാടനംചെയ്യും. പഞ്ചായത്തുകളിൽ 98 ഹരിതസ്ഥാപനം, 19 ഹരിതവിദ്യാലയം, 40 ഹരിത അങ്കണവാടി, ഹരിത അയൽക്കൂട്ടം എന്നിവയുടെ പ്രഖ്യാപനങ്ങളുമുണ്ടാകും.
മരുതോങ്കരയ്‌ക്കൊപ്പം മേപ്പയൂരും ഒഞ്ചിയത്തും എടച്ചേരിയിലും ഹരിതകർമ സേനക്ക്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾ കൈമാറും. ആറ്‌ മിനി എംസിഎഫ്, ആറിടങ്ങളിൽ തുമ്പൂർമുഴി ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഉദ്‌ഘാടനങ്ങൾ നടക്കും. വിവിധ ടൗണുകളും പ്രദേശങ്ങളും ശുചീകരിക്കും. സൗന്ദര്യവൽക്കരണത്തിനും തുടക്കമാകും. പഞ്ചായത്ത്തല ക്യാമ്പയിൻ എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, പി ടി എ റഹീം എന്നിവർ ഉദ്ഘാടനംചെയ്യും. 
പ്രവർത്തനങ്ങളെല്ലാം ജനകീയം
എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക് തലങ്ങളിലും വാർഡ്‌തലംവരെ ശുചിത്വപദ്ധതികൾ നടപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും കലക്ടർ കൺവീനറുമായാണ്‌ ജനകീയ ജില്ലാ നിർവഹണ സമിതി. മത-, സാമൂഹ്യ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളാണ്. തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലും ജനകീയ നിർവഹണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്‌. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണബോർഡ്, ക്ലീൻ കേരള കമ്പനി, കില, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയവയുടെ പ്രവർത്തനരേഖ മുൻനിർത്തിയാണ്‌ ക്യാമ്പയിൻ.


deshabhimani section

Related News

View More
0 comments
Sort by

Home