റഹീമിന്റെ മോചനം: കാത്തിരിപ്പ് നീളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 12:18 AM | 0 min read

ഫറോക്ക്> മലയാളികളൊന്നിച്ച്, ജീവന്റെ വിലയായ കോടികൾ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ ജയിൽമോചനം അനന്തമായി നീളുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്ന് വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കപ്പെട്ട രാമനാട്ടുകര കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഉടൻ ഉണ്ടാകുമെന്നാശിച്ച കുടുംബവും നാടും ഒരുപോലെ നിരാശയിലാണിപ്പോൾ.
 
ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) എംബസി വഴി റിയാദ് ഗവർണറേറ്റ് മുഖേന മരിച്ച കുട്ടിയുടെ കുടുംബത്തിന്‌ നൽകിയിരുന്നു. തുടർന്ന് കുടുംബം അനുരഞ്ജന കരാറിൽ ഒപ്പിട്ടു. റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷയും റദ്ദാക്കി. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാൽ അഭിഭാഷകന്‌ ഫീസിനത്തിലും നൽകി.
 
ഇതോടെ ഏറെ വൈകാതെ  ജയിൽമോചനമുണ്ടാകുമെന്നുറപ്പിച്ചെങ്കിലും കോടതി നടപടി നീളുകയായിരുന്നു. ഇന്ത്യൻ എംബസിയും റഹീമിന്റെ പവർ ഓഫ്‌ അറ്റോർണിയും പ്രതിഭാഗം വക്കീലും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ റിയാദിലെ നിയമസഹായ സമിതി പറയുമ്പോഴും എപ്പോൾ മോചിതനാവുമെന്ന്‌ പറയാൻ ആർക്കുമാകുന്നില്ല. സൗദിയിലെ നിയമപ്രകാരം, ഇതര രാജ്യക്കാരുടെ ജയിൽമോചനത്തിന് കടമ്പകളേറെയാണ്‌.
 
കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ്‌ സൗദിയിലെത്തിയത്. ഒരു മാസം തികയുംമുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമാണ് റഹീം തടവറയിൽ കഴിഞ്ഞത്. 47 കോടി രൂപ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ സംഭാവനയായി നൽകി. ഇതിൽ 23.70 കോടി രൂപ കേരളത്തിൽനിന്നുമാത്രം ലഭിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home