വിലങ്ങാട് വീണ്ടും 
ഉരുൾപൊട്ടൽ ഭീതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 02:21 AM | 0 min read

നാദാപുരം
വിലങ്ങാട് മലയോരത്ത് ശക്തമായ മഴയെ തുടർന്ന് വീണ്ടും  ഉരുൾപൊട്ടൽ ഭീതി. 23 കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. ചൊവ്വ പുലർച്ചെയാണ്  മലവെള്ളം കുത്തിയൊലിച്ചെത്തിയത്‌. കഴിഞ്ഞ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായ  മഞ്ഞച്ചീളിയിൽനിന്നാണ് 23 കുടുംബങ്ങളെ വിലങ്ങാട് പാരിഷ് ഹാളിലേക്കും മഞ്ഞക്കുന്ന് പാരിഷ് ഹാളിലേക്കും മാറ്റിയത്‌.  തിങ്കൾ രാത്രി മുതലാണ്‌ പ്രദേശത്ത്‌  അതിശക്തമായ മഴ തുടങ്ങിയത്‌. മണിക്കൂറുകൾ  നീണ്ടതോടെ കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ അതേസ്ഥലത്ത്  മുകളിൽ മണ്ണിടിച്ചിലുണ്ടായി. കൂറ്റൻ കല്ലുകളും മണ്ണും ഒലിച്ചിറങ്ങി. വനമേഖലയിലും മഴ കനത്തതോടെ പുഴയിൽ ക്രമാതീതമായാണ്‌ ജലനിരപ്പ് ഉയർന്നത്‌. വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി. മഞ്ഞക്കുന്നില്‍ ഉരുള്‍പൊട്ടിയ ഇടങ്ങളിലൂടെ കല്ലുകള്‍ ഉരുളുകയും വെള്ളത്തിന്റെ  ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെയാണ്‌ രക്ഷാപ്രവർത്തകർ സമീപവാസികളെ  പാരിഷ് ഹാളുകളിലേക്ക് മാറ്റിയത്‌. ശക്തമായ ഒഴുക്കിൽ കടപുഴകിയ വൻ മരങ്ങൾ ഉൾപ്പെടെ പുഴയിൽ ഒലിച്ചിറങ്ങി പാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്‌. വെള്ളം കയറിയതോടെ പാലത്തിലൂടെയുള്ള ഗതാഗതവും നിലച്ചു.
ജൂലൈ മുപ്പതിനാണ് വിലങ്ങാട്  100 ലേറെ ഇടങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായത്.  14 വീടുകൾ ഒലിച്ചുപോവുകയും നിരവധി വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്‌തു. രക്ഷാപ്രവർത്തനത്തിനിടെ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി  കുളത്തിങ്കല്‍ മാത്യുവിന് ജീവൻ നഷ്ടമായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home