വിലങ്ങാട് ശാസ്ത്രീയ പഠനം നടത്തും: മന്ത്രി കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 02:19 AM | 0 min read

 
നാദാപുരം 
ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ വിലങ്ങാട് മലയോര മേഖലയിൽ ശാസ്ത്രീയ പഠനം നടത്താൻ നാലംഗ വിദഗ്‌ധസംഘം അടുത്തയാഴ്ച എത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങിയ നാലംഗസംഘമാണ് പഠനം നടത്തുക.  
റിപ്പോർട്ട് ലഭിച്ചശേഷമാകും ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ തുടർതാമസം സാധ്യമാകുമോ എന്നത് തീരുമാനിക്കുക. അതിനുമുമ്പ്‌ പ്രദേശത്ത് ഡ്രോൺ സർവേ നടത്തും. വീടുകളും ഉപജീവന മാർഗവും നഷ്ടപ്പെട്ടവർക്ക്   അവ തിരിച്ചുനൽകുന്ന പാക്കേജിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. 
കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ വിലങ്ങാടുണ്ടായ തകർച്ച വലുതാണ്. ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട്, മഞ്ഞചീളി, ഉരുട്ടിപ്പാലം, പന്നിയേരി, കൂറ്റല്ലൂർ, വായാട് പാലം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു. 
വായാട് ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ട ഇടത്തേക്ക് പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മന്ത്രി രാജൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ചർച്ചചെയ്‌തു. പാലം പണി ഉടൻ തുടങ്ങുമെന്ന് ഉറപ്പുനൽകി. 
കെഎസ്ഇബിയുടെ അധീനതയിലുള്ള പാലത്തിന് പകരം താൽക്കാലിക പാലമാണ്  ഉള്ളത്. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ ക്യാമ്പ് സന്ദർശിച്ച  മന്ത്രി മരിച്ച കുളത്തിങ്കൽ മാത്യുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.  വാണിമേൽ പഞ്ചായത്തിലെ 9,10,11 വാർഡുകൾ, നരിപ്പറ്റ പഞ്ചായത്തിലെ വാർഡ് മൂന്ന് എന്നിവിടങ്ങളിൽ ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ റേഷൻ സൗജന്യമായി നൽകും. 
വിലങ്ങാട് പാരിഷ് ഹാളിൽ അവലോകനയോഗവും ചേർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, ഇ കെ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗവാസ്, വാണിമേൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുരയ്യ, നാദാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി മുഹമ്മദലി, സെൽമാ രാജു, രജീന്ദ്രൻ കപ്പള്ളി, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, ലാൻഡ്‌ റവന്യൂ കമീഷണർ ഡോ. എ കൗശികൻ, കലക്ടർ സ്നേഹിൽ കുമാർ സിങ്‌, വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കലക്ടർ എസ് സജീദ്, വടകര തഹസിൽദാർ എം ടി സുഭാഷ്ചന്ദ്രബോസ്,  വാണിമേൽ പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home