ദുരിതപ്പെയ്‌ത്ത്: കുടുംബങ്ങൾ വീടൊഴിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 12:32 AM | 0 min read

കക്കോടി
ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ കക്കോടി ചേളന്നൂർ, കരുവട്ടൂർ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾക്ക് വീടൊഴിയേണ്ടിവന്നു. ഏറെ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കണ്ണാടിക്കൽ, പറമ്പിൽകടവ്, പൊയിൽത്താഴം, ചെറുവറ്റ, മൂഴിക്കൽ, മോരിക്കര, പൂളക്കടവ് ഭാഗങ്ങളിൽ അഗ്നിരക്ഷാസേനയും പൊലീസും എത്തി വീടൊഴിയണമെന്ന്‌ നിർദേശിച്ചു.  
കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകളിലും പൂളക്കടവ്, വേങ്ങേരി, മൂഴിക്കൽ ഭാഗങ്ങളിലും വൻ നാശനഷ്‌ടമുണ്ടായി. കക്കോടി പഞ്ചായത്തിലെ 18-ാം വാർഡിലെ ഭൂരിപക്ഷം വീടുകളിലും വെള്ളം കയറി. 26 കുടുംബങ്ങളെ കക്കോടി ജിഎൽപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.
പറമ്പിൽ കടവ്, പൂവത്തൂർ ഭാഗങ്ങളിലുള്ളവരെ കക്കോടി പടിഞ്ഞാട്ടുമുറി എയുപി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. പറമ്പിൽ അങ്കണവാടിയിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
ഒറ്റത്തെങ്ങ്, പറമ്പിൽ കടവ്, ഗ്രീൻവേൾഡ്, മൂഴിക്കൽ ഭാഗത്തെ വീടുകളെയാണ് ദുരിതം ഏറെ ബാധിച്ചത്. വെള്ളം താഴ്‌ന്നാലും ചെളിയും മാലിന്യങ്ങളും നീക്കാൻ ഏറെ പണിപ്പെടേണ്ടിവരും. വീടുകളിലെ കിണറുകളിലും മറ്റും കക്കൂസ് മാലിന്യമടക്കം പരന്നൊഴുകിയതിനാൽ ശുചീകരിച്ചാലേ ഉപയോഗിക്കാനാവൂ. പല വീടുകളും അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ താമസയോഗ്യമാവൂവെന്ന്‌ ജനപ്രതിനിധികളും റവന്യു അധികൃതരും പറഞ്ഞു. 
തണ്ണീർപ്പന്തൽ- മാളിക്കടവ് റോഡിൽ കഴിഞ്ഞ ദിവസത്തേക്കാൾ വെള്ളക്കെട്ടുണ്ടായി. കർണാടകത്തിലെ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ വീടും വെള്ളത്തിൽ മുങ്ങി. 
റവന്യു അധികൃതർ നാശനഷ്ടങ്ങളുടെ കണക്ക്‌ ശേഖരിച്ചു. കിരാലൂർ ഭാഗത്ത് താഴെ പൊയിൽ, കുറിഞ്ഞിലക്കണ്ടി, വടക്കയിൽ, പുതിയേടത്ത് താഴം, അറപ്പൊയിൽ, തൈക്കണ്ടി, പറക്കുളങ്ങര താഴം, മൂത്തേടത്തുകുഴി ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലാണ്.


deshabhimani section

Related News

View More
0 comments
Sort by

Home