വിലങ്ങാട്‌ ഉരുൾപൊട്ടൽ: കോടികളുടെ നഷ്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 02:15 AM | 0 min read

നാദാപുരം 
ഉരുൾപൊട്ടലിൽ വിലങ്ങാട് മലയോരത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. 15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. 25ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. 50 ഏക്കർ കൃഷിഭൂമിയിലെ കാർഷികവിളകൾ നശിച്ചു. 185 കുടുംബങ്ങളിൽനിന്നായി 900ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ മഞ്ഞച്ചീളി സ്വദേശി മാത്യുവിനെ (60) കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ബുധനാഴ്‌ച എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സ്കൂബ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
പഞ്ചായത്ത് വായനശാല, അങ്കണവാടി, മാതാവിന്റെ സ്തൂപം തുടങ്ങിയവയും നശിച്ചു. 4.18 ഏക്കർ കൃഷിഭൂമിയും കാർഷിക വിളകളും പൂർണമായി ഉരുൾപൊട്ടൽ വിഴുങ്ങി. വാഹനങ്ങൾ, വീട്ടുസാധനങ്ങൾ, കാർഷികവിളകൾ ഉൾപ്പെടെയുള്ളവയുടെ നാശനഷ്ടം തിട്ടപ്പെടുത്തി വരികയാണ്. 
ഒറ്റപ്പെട്ട് കിടക്കുന്ന പാനോം പ്രദേശത്തുള്ളവരെ പുറംലോകവുമായി ബന്ധപ്പെടുത്താൻ താൽക്കാലിക പാലം നിർമിച്ചു. മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുപോയ റോഡ് താൽക്കാലികമായി പുനഃസ്ഥാപിച്ച് വരികയാണ്. ഇരുകരകളെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന പ്രവൃത്തി ദുർഘടം പിടിച്ചതാണ്. മഴ ശക്തമായതിനാൽ ഉരുൾപൊട്ടിയ ഭാഗത്തുകൂടി വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമായിട്ടുണ്ട്. മഞ്ഞച്ചീളിയിലും പാനോത്തും താൽക്കാലിക കമ്പിപ്പാലം പണിതാലേ ചെറിയ രീതിയിലെങ്കിലും യാത്ര സുഗമമാവുകയുള്ളൂ.
പാനോത്ത് വനമേഖലയിൽനിന്ന്‌ ഒലിച്ചിറങ്ങിയ മലവെള്ളമാണ് നാശം വിതച്ചത്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം തിരിച്ചറിഞ്ഞിട്ടില്ല. റവന്യൂ അധികൃതരുടെയും വാണിമേൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാണ്. മഞ്ഞക്കുന്ന് പാരിഷ് ഹാളിൽ 65, വിലങ്ങാട് സെന്റ്‌ ജോർജ് എച്ച്എസിൽ 30, അടുപ്പിൽ ദുരിതാശ്വാസ വീടുകളിൽ 75, പാലൂർ എൽപി, സേവാകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നിവിടങ്ങളിലാണ് കുടുബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വൈദ്യുതിബന്ധം താറുമാറായി കിടക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മണ്ണും ചെളിയും അടിഞ്ഞുകൂടി വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്.
 
മലയങ്ങാട്ട് 
5 വീടുകൾ 
തകർന്നു
വിലങ്ങാട് 
വിലങ്ങാട് പന്നിയേരിയിലും ഉൾവനത്തിലുമുണ്ടായ ഉരുൾപൊട്ടലിൽ മലയങ്ങാട്ട് അഞ്ച് വീടുകൾ തകർന്നു. ഓടയിൽ ബാലകൃഷ്ണൻ, ഓടയിൽ കമലഹാസൻ, ഷാജി ജോയ് മഠത്തിൽ, കൊച്ചുപുരക്കൽ രാരിച്ചൻ എന്നിവരുടെ വീടുകൾ പൂർണമായും താജു കണ്ടത്തിലിന്റെ വീട് ഭാഗികമായും തകർന്നു. മലയങ്ങാട് പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലായി. 


deshabhimani section

Related News

View More
0 comments
Sort by

Home