തിരച്ചില്‍ നിര്‍ത്തരുത്, കണ്ണീരോടെ നാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 01:32 AM | 0 min read

കോഴിക്കോട്
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണാടിക്കല്‍ ജുമാ മസ്ജിദില്‍ ജുമാ നമസ്‌കാരം കഴിഞ്ഞ് മസ്ജിദിയില്‍ കൂടിയവരെല്ലാംചേര്‍ന്ന് അര്‍ജുനായി പ്രത്യേക പ്രാര്‍ഥന നടത്തി. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും അതിര്‍വരമ്പുകളായില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്‍, ഒരു കുടുംബത്തിന്റെ അത്താണിയായവന്‍ തിരിച്ചെത്തണം എന്നുമാത്രമായിരുന്നു  പ്ര‍ാര്‍ഥനയില്‍ നിറഞ്ഞത്. 
ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായുള്ള തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് പറയുമ്പോള്‍ കുടുംബത്തിനൊപ്പം കണ്ണീരൊഴുക്കുകയാണ് നാടും. 13 ദിവസവും കേരളക്കരയാകെ കാത്തിരുന്നത് അർജുനെ കണ്ടെത്തിയെന്ന് കേള്‍ക്കാനാണ്.  അര്‍ജുന്റെതെന്ന് ഉറപ്പാക്കാവുന്ന ഒന്നും ലഭിക്കാതെ തിരച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ നാടും നാട്ടുകാരും പ്രതിഷേധത്തിലേക്ക് തിരി‍ഞ്ഞു. കുടുംബത്തിന് പിന്തുണയുമായി നാനാഭാ​ഗങ്ങളില്‍നിന്ന്‌ നിരവധിപേര്‍ വീട്ടിലെത്തി. കർണാടക സർക്കാർ തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ സേവ് അര്‍ജുന്‍ ക്യാമ്പയിൻ ശക്തമാക്കി.  
കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരണം 
കോഴിക്കോട്
അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരണമെന്ന് സഹോദരി അഞ്ജു. മകനെ കാത്തിരിക്കുന്ന അമ്മയും അച്ഛനും ഇവിടെയുണ്ട്. തിരച്ചിൽ അവസാനിപ്പിച്ചാൽ അവരോട് എന്തുപറയും..?- ലോറി കണ്ടുകിട്ടുന്നതുവരെ എല്ലാ സാ​ങ്കേതിക വിദ്യയും ഉപയോഗിച്ച് ​തിരച്ചിൽ തുടരണം. അർജുനെ കണ്ടെത്തിത്തരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.  എല്ലാ സർക്കാരുകളും ഇതുവരെ ചെയ്തതിൽ തൃപ്തിയുണ്ട്. അർജുനെപ്പോലെ കാണാതായ മറ്റു രണ്ടുപേർകൂടിയുണ്ട്. അവർക്കും നീതികിട്ടണം –- അഞ്ജു പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home