നേരിട്ട‌് സ്ഥലം നൽകിയത‌് 276 പേർ; ഏറ്റെടുക്കൽ വേഗത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2018, 07:32 PM | 0 min read

കോട്ടയം 
ചിങ്ങവനം–- ഏറ്റുമാനൂർ  റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നീണ്ടൂർ മേൽപ്പാലത്തിന്റെ ടാറിങ‌് ജോലികളും മനക്കപ്പാടം അടിപ്പാത നിർമാണത്തിനുള്ള നടപടികളും പൂർത്തീകരണത്തിലേക്ക‌്. പുതിയപാത നിർമാണത്തിന‌് ആവശ്യമായ ഭൂമി റെയിൽവേ നേരിട്ട‌് ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കി. സർക്കാർ ഉത്തരവ‌നുസരിച്ച‌് പുതിയ നിയമപ്രകാരമുള്ള സ്ഥലമെടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. 
ഏറ്റുമാനൂരിനെയും -നീണ്ടൂരിനെയും  ബന്ധിപ്പിക്കുന്ന നീണ്ടൂർ മേൽപ്പാലത്തിലെ ടാറിങ‌് ജോലികൾ അടുത്തയാഴ‌്ച ആരംഭിക്കും. മെറ്റലിങ‌് പൂർത്തിയാക്കിയ പാലം  ഗതാഗതത്തിനായി തുറന്നിരുന്നു. ഏറ്റുമാനൂർ–-അതിരമ്പുഴ റോഡിൽ നിലവിലെ മനക്കപ്പാടം അടിപ്പാത പൊളിച്ചുനീക്കി പുതിയ പാത നിർമിക്കാനുള്ള നടപടികളും ആരംഭിച്ചതായി അധികൃതർ പറഞ്ഞു. 
ഏറ്റുമാനൂർ യാർഡിനോട‌് ചേർന്നായതിനാൽ നാലുവരി റെയിൽപ്പാത കടന്നുപോകുന്ന രീതിയിലാണ‌് നിർമാണം. നിലവിൽ രണ്ടുവരി റെയിൽപാത കടന്നുപോകുന്ന രീതിയിലുള്ള അടിപ്പാത പൂർത്തിയായിട്ടുണ്ട‌്. നിലവിലെ പാത പൊളിച്ചുനീക്കിയശേഷം ബാക്കി രണ്ടുവരിപ്പാത കൂടി നിർമിക്കും. 7.5 മീറ്റർ വീതിയിൽ രണ്ടുവരി വാഹനങ്ങൾക്ക‌് കടന്നുപോകാവുന്ന വിധത്തിൽ വീതി വർധിപ്പിച്ചാണ‌് അടിപ്പാത നിർമിക്കുക. ഇരുവശങ്ങളിലും നടപ്പാതയുമുണ്ടാകും. പാത ഇരട്ടിപ്പിക്കുമ്പോൾ അധികമായി വേണ്ടിവരുന്ന ഭൂമി റെയിൽവേ നിയമപ്രകാരം  ഉടമകളിൽനിന്ന‌് നേരിട്ട‌ാണ‌് ഏറ്റെടുത്തിരുന്നത‌്. മുട്ടമ്പലം, അതിരമ്പുഴ, പെരുമ്പായിക്കാട‌് വില്ലേജുകളിലായി ഏറ്റെടുക്കേണ്ട എട്ട‌് ഹെക്ടറിൽ അഞ്ച‌് ഹെക്ടറിലേറെ ഭൂമി  ഇത്തരത്തിൽ ഏറ്റെടുത്തു. 276 ഭൂവുടമകൾക്ക‌് വ‌സ‌്തുവിന്റെ വില നൽകി  രജിസ‌്ട്രേഷൻ നടപടികളും പൂർത്തീകരിച്ചു. നാഗമ്പടം റെയിൽവേ മേൽപ്പാലം ഉൾപ്പെടെയുള്ളവയ‌്ക്കുള്ള സ്ഥലം ഈ വിധത്തിലാണ‌് എടുത്തത‌്. മൂന്ന‌് ഹെക്ടറോളം ഭൂമിയാണ‌് ഇനി ഏറ്റെടുക്കാനുള്ളത‌്. ഇത‌് പുതിയ  നിയമപ്രകാരമാക്കി സർക്കാർ ഉത്തവിറക്കിയതോടെ നേരിട്ടുള്ള ഏറ്റെടുക്കൽ അവസാനിപ്പിച്ചു.
ഇനി ഏറ്റെടുക്കാനുള്ള സ്ഥലത്തിന്റെ ഉടമകളെ പങ്കെടുപ്പിച്ച‌് സാമൂഹ്യാഘാത പഠനം നടത്തി. ഇതിന്റെ റിപ്പോർട്ട‌് ഉടൻ പ്രസിദ്ധീകരിക്കും.  എത്രയും വേഗം നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കണമെന്ന‌ ആവശ്യം ഉയർന്നിട്ടുണ്ട‌്. പകരം സ്ഥലം വാങ്ങാൻ അഡ്വാൻസ‌് കൊടുത്തവരും വീട‌് നിർമാണം ആരംഭിച്ചവരും മറ്റത്യാവശ്യങ്ങൾ ഉള്ളവരും അടക്കം ഇക്കൂട്ടത്തിലുണ്ട‌്. നേരിട്ട‌് ഏറ്റെടുക്കുമ്പോൾ കാര്യങ്ങൾ വേഗത്തിലാകുമെങ്കിലും സ്ഥല വിലയ‌്ക്ക‌് ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന‌ ആക്ഷേപം ഉന്നയിച്ച‌് ചിലർ എതിർപ്പുമായി  രംഗത്തെത്തി. വിലയെച്ചൊല്ലി രേഖകൾ കൈമാറാൻ ചിലർ വിസമ്മതിക്കുകയും ചെയ‌്തു. ഇതേത്തുടർന്ന‌ാണ‌്  പുതിയ നിയമം ബാധകമാക്കിയത‌്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home