ആലപ്പുഴ സ്വദേശികളായ രണ്ട‌് പേർ അറസ‌്റ്റിൽ

കടുത്തുരുത്തി
കുറുപ്പന്തറയിൽ സ്വകാര്യ പണമിടപാടുകാരൻ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ട‌് പേർ അറസ‌്റ്റിലായി. ആലപ്പുഴ പുന്നപ്ര സ്വദേശികളായ ആദർശ‌്(19), അരുൺ(22) എന്നിവരാണ‌് അറസ‌്റ്റിലായത‌്. അതിനിടെ കൊലപാതകത്തിെേലെ മുഖ്യപ്രതിക്കായി പൊലീസ് സംഘം തമിഴ്‌നാട്ടിൽ എത്തി. കുറുപ്പന്തറ സ്വദേശിയായ പ്രതി സേലത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം അവിടെയെത്തിയിരിക്കുന്നത്. മുഖ്യപ്രതിയെന്ന് കരുതുന്ന കുറുപ്പന്തറ സ്വദേശിയായ യുവാവിനെ സംഭവം നടന്ന ദിവസം പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നീട് ഇയാളെ വിട്ടയയ‌്ക്കുകയായിരുന്നു. ഇയാൾ പണവുമായാണ് നാട് വിട്ടതെന്നും പറയുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പുരോഗമിക്കുന്നതെന്ന് 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നുമാണ് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. കസ്റ്റഡിയിലുള്ള മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന സൂചന തിങ്കളാഴ‌്ച രാവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയിരുന്നു. കസ്റ്റഡിയിലുള്ള മറ്റു പ്രതികളിൽ നിന്നും ഇതുസംബന്ധിച്ചു പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ ഒന്നാം പ്രതി പിടിയിലാകണം. രണ്ടുപേർ കൊലപാതകത്തിൽ നേരിട്ടു ബന്ധപ്പെട്ടവരാണെന്നും മറ്റു രണ്ടുപേർക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.
കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ കുറുപ്പന്തറ സ്വദേശിയാണ്. ഇയാൾ മുഖ്യപ്രതിയുടെ സുഹൃത്താണ്. പിടിയിലുള്ള മറ്റു രണ്ടുപേർ ആലപ്പുഴ സ്വദേശികളും ഒരാൾ തലയോലപ്പറമ്പ് സ്വദേശിയുമാണെന്നറിയുന്നു. എന്നാൽ തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് വിട്ടയച്ചുവെന്നും പറയുന്നുണ്ട്. ആലപ്പുഴ സ്വദേശികളായ യുവാക്കൾ കൃത്യം നടന്ന ദിവസം മുഖ്യപ്രതിയായ യുവാവിനെ തേടി കുറിപ്പന്തറയിലെത്തിയതായി പൊലീസ് പറയുന്നു. എന്നാൽ ഇവർ എത്തിയത് കൊല നടന്നതിന് ശേഷമാണെന്നും പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. മുഖ്യപ്രതിയായ യുവാവിൽ നിന്നും പണം വാങ്ങാനാണ് ഇവർ എത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊല നടത്തിയ ശേഷം സ്റ്റീഫന്റെ വീട്ടിൽ നിന്നും കവർന്ന തുകയിൽ നിന്നും ഇയാൾക്ക് മുഖ്യപ്രതിയായ യുവാവ് പണം നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.








0 comments