ജപ്‌തി ഭീഷണിക്കിടെ ഓട്ടോറിക്ഷ ഡ്രൈവറെതേടി ഭാഗ്യമെത്തി

കടുത്തുരുത്തി
വീട് നിർമാണത്തിന് ബാങ്കിൽ നിന്നടുത്ത വായ്പ ജപ്തിയിലെത്തി നിൽക്കെ ഓട്ടോറിക്ഷ ഡ്രൈവറെ തേടി ഭാഗ്യമെത്തി. കളത്തൂർ കുറ്റിയാനിയിൽ കെ സി ഷാജിക്കാണ് ശനിയാഴ്ച്ച നറുക്കെടുത്ത കാരൂണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. കളത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഷാജി പാലായിലെ കേറ്ററിങ‌് സ്ഥാപനത്തിലും പാചകക്കാരനായും ജോലിക്ക് പോകാറുണ്ട്. ശനിയാഴ്ച ചെറുകര പള്ളിയിൽ വച്ചു നടന്ന വിവാഹചടങ്ങിൽ ജോലിക്കായെത്തിയപ്പോഴാണ് സമ്മാനർഹമായ ടിക്കറ്റ് ഷാജി വാങ്ങിയത്. ടിക്കറ്റികളിലൊന്നിന് എണ്ണായിരം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിച്ചു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെന്ന് ഷാജി പറഞ്ഞു. ഞായറാഴ്ച പത്രത്തിൽ നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് ഷാജി അറിയുന്നത്. വീട് നിർമാണത്തിനായി ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത എട്ട് ലക്ഷം രൂപയുടെ വായ്പ ജപ്തി ഭീഷിണിയിലെത്തിയിരുന്നതായി ഷാജി പറഞ്ഞു. ലോട്ടറിയടിച്ച പണം ഉപയോഗിച്ചു കടം വീട്ടണമെന്നും വീടിന്റെ മുകളിലേക്ക് രണ്ട് മുറി കൂടി നിർമിക്കണമെന്നും ഷാജി പറയുന്നു. കൂടാതെ വിദ്യാർഥികളായ ഷാനിമോൾ(പ്ലസ് വൺ), ഷാരോൺ(എട്ടാം ക്ലാസ്), ഷെറിൻ(നാലാം ക്ലാസ്) എന്നീ പെൺമക്കളുടെ പഠനം പൂർത്തിയാക്കണമെന്നും ഷാജിയും ഭാര്യ വെള്ളൂർ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരിയായ റീനയും പറയുന്നു. ടിക്കറ്റ് എസ്ബിഐയുടെ കോതന്ല്ലൂർ ബ്രാഞ്ചിൽ ഏൽപിച്ചിരിക്കുകയാണ്.









0 comments