സജി മെഗാസ‌്; കണ്ണീരോർമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2018, 07:06 PM | 0 min read

കടുത്തുരുത്തി
സജി മെഗാസിന് കണ്ണീരിലലിഞ്ഞ യാത്രാമൊഴി. മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യുന്നതിനിടെ കരിയാറിൽ വള്ളം മുങ്ങി മരിച്ച സജിയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ആയിരങ്ങളാണ് സജിയെ അവസാനമായി കാണാൻ മാന്നാറിലെ പട്ടശേരിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സജിയെ കാണാതായതുമുതൽ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യയും രണ്ട് പെൺമക്കളും ബന്ധുക്കളും. ചൊവ്വാഴ്ച മൂന്നരയോടെ സജിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഹൃദയം തകർന്ന് കരഞ്ഞ ഭാര്യയേയും മക്കളേയും ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും പൊട്ടിക്കരഞ്ഞുപോയി. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സജിയുടെ മൃതദേഹം കിട്ടിയത്. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ കടുത്തുരുത്തിയിലും ആപ്പാഞ്ചിറയിലും പൊതുദർശനത്തിന് വച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. കടുത്തുരുത്തി പ്രസ് ക്ലബിന് മുന്നിൽ മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളും പൗരാവലിയും അന്ത്യോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി കെ ആശ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ കെ രഞ‌്ജിത്ത്, സിപിഐ എം ഏരിയ സെക്രട്ടറി കെ ജി രമേശൻ, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പി ജി ഗോപി തുടങ്ങി രാഷ‌്ട്രീയ സാമൂഹ്യ‐സാംസ്കാരിക രംഗത്തെ നിരവധിപ്പേർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. 
വൈക്കം താലൂക്കിലെ സാമൂഹ്യ‐സാംസ്ക്കാരിക‐രാഷ്ട്രീയ രംഗത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ തയ്യാറാക്കിയ സജിയുടെ വേർപാടിൽ ഒരു നാടൊന്നാകെ ദുഃഖത്തിലായി. കടുത്തുരുത്തിയുടെ മാധ്യമ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു സജി. എസിവി ന്യൂസിലൂടെ മാധ്യമ മേഖലയിലെത്തിയ സജി പിന്നീടാണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടറായി ചുമതലയേൽക്കുന്നത്. മുമ്പ് ആപ്പാഞ്ചിറയിൽ സ്റ്റുഡിയോ നടത്തിയിരുന്ന സജിയുടെ പേരിനോടുചേർത്ത് സ്റ്റുഡിയോയുടെ പേരായ മെഗാസ് കൂടി പിന്നീട് നാട്ടുകാരും സുഹൃത്തുക്കളും ചേർക്കുകയായിരുന്നു. മുണ്ടാറിലെ ജനങ്ങൾ നേരിടുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സുഹൃത്തുക്കൾക്കൊപ്പം പോയ സജിയുടെ യാത്ര ഒടുവിലത്തേതാവുകയായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home