ചിറക്കടവിൽ ആർഎസ്എസ് ആക്രമണം തുടങ്ങിയിട്ട‌് മൂന്നുമാസം

പൊൻകുന്നം
ചിറക്കടവിൽ സിപിഐ എം, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകർക്കു നേരേ ആർഎസ്എസ് ആക്രമണം തുടങ്ങിയിട്ട‌് മൂന്നുമാസത്തിലേറെയായി. ആക്രമണ പരമ്പരയുടെ തുടർച്ചയാണ‌് ശനിയാഴ‌്ച ഉണ്ടായത‌്.ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയും ചിറക്കടവിലെ സിപിഐ എം പ്രവർത്തകനുമായ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എൽ രവി(33)യെയാണ് ആർഎസ്എസ് സംഘം വീടിന് മുറ്റത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിയത്. ശനിയാഴ‌്ച രാത്രി 8.15 ഓടെയാണ് സംഭവം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചിറക്കടവിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആർഎസ്എസും ബിജെപിയും ബോധപൂർവ ശ്രമിക്കുന്നതിന്റെ ഭാഗമായാണ‌് സിപിഐ എം പ്രവർത്തകർക്കു നേരേ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിൽ 13 ന് ആർഎസ്എസ് ക്രിമിനലുകളുടെ ആക്രമണത്തിൽ ചിറക്കടവിലെ സിഐടിയു‐ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തെക്കേത്തുകവലയിലെ ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരായ വിഷ്ണുനികേതനിൽ വിഷ്ണുരാജ് (23), കൊട്ടാടിക്കുന്നേൽ സാജൻ (33), പള്ളത്ത് രഞ്ജിത്ത് (30) എന്നിവർക്കാണ് പരിക്കേറ്റത്. 13ന‌് രാത്രി 9.30 ഓടെ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു സമീപത്തായിരുന്നു ആക്രമണം. പരിക്കേറ്റ മൂവരും കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ഭിവസങ്ങളോളം ചികിത്സയിലായിരുന്നു. അന്ന‌് രാത്രിയിൽ ആർഎസ്എസ് സംഘം ചിറക്കടവ് പ്രദേശത്ത് വ്യാപക അക്രമം അഴിച്ചു വിട്ടു. മൂന്നു വീടുകൾ എറിഞ്ഞുതകർത്തു. സിഐടിയു പ്രവർത്തകന്റെ ഓട്ടോറിക്ഷയും തല്ലിത്തകർത്തു. 14 ന് പുലർച്ചെ 2.30 ഓടെ സിപിഐ എം ‐ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾക്ക് നേരേ ആക്രമണം നടത്തി. സിപിഐ എം ചെറുവള്ളി ലോക്കൽ കമ്മിറ്റിയംഗം ചെറുവള്ളി കാവുംഭാഗം അരീകൽ എ കെ വാസുപിള്ള, ഡിവൈഎഫ്ഐ പ്രവർത്തകരായ കാവുംഭാഗം പ്രിയാ വിലാസത്തിൽ പ്രവീൺ ആർ നായർ, പൊൻകുന്നം ഗ്രാമദീപം ഓതറയിൽ അനന്ദു സോമദാസ് എന്നിവരുടെ വീടുകൾ ആക്രമിച്ചു. മാരുതിവാനിലും ഓട്ടോറിക്ഷയിലും ബൈക്കുകളിലും വടിവാൾ, കമ്പിവടി, ദണ്ട് തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ പത്തോളം പേരാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രവീണിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ആക്രമികൾ തല്ലിത്തകർത്തു. ചിറക്കടവ് അമ്പലത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ആനകുത്തിയിൽ അജിയുടെ ലോറിയും അടിച്ചു തകർത്തിരുന്നു.
ജൂൺ എട്ടിന്് സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റിയംഗം എൻ കെ സുധാകരന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ‌്തിരുന്ന കാർ ആർഎസ്എസ് സംഘം തല്ലിത്തകർത്തു. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് കാർ തകർത്തത്. ഒമ്പതിന് വൈകിട്ട് സിപിഐ എം ചെറുവള്ളി ലോക്കൽ കമ്മിറ്റിയംഗം മുകേഷ് മുരളിയുടെ വീട്ടിലേയ്ക്ക് ഇരുപത്തഞ്ചോളം ആർഎസ്എസ് ക്രിമിനലുകൾ ആതിക്രമിച്ചു കയറുകയും മുകേഷിന്റെ ഭാര്യയെയും മക്കളെയും ക്രൂരമായി മർദ്ദിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയിൽ സിഐടിയു പ്രവർത്തകൻ കളമ്പുകാട്ടുകവല കുടുംബിയാൻകുഴിയിൽ മനോജിന്റെ ഓട്ടോറിക്ഷ കത്തിച്ചു. ഇതിന്റെ തുടർച്ചയാണ‌് രവിക്കുനേരെയുളള ആക്രമണം. ആർഎസ്എസ് ആക്രമണത്തെ തുടർന്ന് കലക്ടർ ചിറക്കടവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിൽക്കെയാണ് ആർഎസ്എസുകാർ രവിയെ ആക്രമിച്ച‌് മാരകമായി പരിക്കേൽപ്പിച്ചത‌്.









0 comments