പുഞ്ചകൃഷിക്ക്‌ നിലമൊരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 01:20 AM | 0 min read

 കോട്ടയം

ജില്ലയിൽ പുഞ്ച നെൽകൃഷിക്കുള്ള  തയ്യാറെടുപ്പുകൾ ആരംഭിച്ചു. വിവിധ പാടശേഖരങ്ങളിലായി പമ്പിങ്‌ ജോലികൾ പുരോഗമിക്കുകയാണ്‌. പലയിടത്തും വിത്തുകൾ വിതച്ച്‌ തുടങ്ങിയിട്ടുമുണ്ട്‌. നവംബർ പകുതിയോടുകൂടി വിതയും ഞാറുനടീലും കഴിയും. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന രീതിയിലാണ്‌ കൃഷി. 12,000 ത്തോളം ഹെക്‌ടറിലാണ് ജില്ലയിൽ ഇക്കുറി കൃഷി നടത്തുക. ഉമ നെൽവിത്താണ്‌ കൂടുതലായും വിതയ്‌ക്കുന്നത്‌. മനുരത്‌ന, ജ്യോതി തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്‌. രക്തശാലി പോലുള്ള നാടൻ നെൽവിത്തുകളും ചില കർഷകർ വിതയ്‌ക്കാറുണ്ട്‌. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിത്ത്‌ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരണത്തിനോട്‌ അടുക്കുകയാണ്‌. മലരിക്കൽ, തിരുവായ്‌ക്കരി, പാറേച്ചാൽ, ചങ്ങനാശേരി, കുമരകം, കൈപ്പുഴ ഭാഗങ്ങളിലെ പുഞ്ചപ്പാടങ്ങളിലാണ്‌ ജില്ലയിൽ പ്രധാനമായും കൃഷിയിറക്കുന്നത്‌.  ഉമ പോലുള്ള ഉയർന്ന പ്രതിരോധ ശേഷിയും മികച്ച വിളവും നൽകുന്ന വിത്തിനങ്ങൾ 120 മുതൽ 130 ദിവസങ്ങൾക്കുള്ളിൽ കൊയ്ത്തിന്‌ പാകമാകും. ഒരേക്കറിന്‌ 40 കിലോയ്‌ക്കടുത്ത്‌ വിത്ത്‌ ആണ്‌ വിതയ്‌ക്കാനാവശ്യമായി വരുന്നത്‌. ജില്ലയിലെ മുഴുവൻ പാടശേഖരങ്ങളിലേക്കും ആവശ്യമായ വിത്തുകൾ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ നിന്നും മറ്റ്‌ ഏജൻസികളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്‌. കഴിഞ്ഞ വർഷവും ജില്ലയിൽ 12,000 ഹെക്ടറിൽ പുഞ്ചകൃഷി നടത്തിയിരുന്നു. മികച്ച വിളവ്‌ തന്നെ ലഭിച്ചിരുന്നു. ഇക്കുറിയും മികച്ച വിളവ്‌ ഉണ്ടാകും എന്നു തന്നെയാണ്‌ കർഷകരുടെ പ്രതീക്ഷ. 


deshabhimani section

Related News

View More
0 comments
Sort by

Home