മണ്ഡലകാലത്തിന് ഏറ്റുമാനൂർ ക്ഷേത്രം സജ്ജം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 02:14 AM | 0 min read

ഏറ്റുമാനൂർ 
ഏറ്റുമാനൂർ മഹാദേവക്ഷേത്ര നവീകരണത്തിനും ശബരിമല തീർഥാടകർക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കാനും മാസ്റ്റർപ്ലാൻ ഒരുങ്ങുന്നു. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ പ്രാഥമിക ആലോചനയോഗം ചേർന്നു. തീർഥാടകർക്ക്‌ സൗകര്യങ്ങൾ ഒരുക്കാനായി നിശ്ചയിച്ച സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു. തമിഴ്നാട്, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തുന്നവരുടെ പ്രധാന ഇടത്താവളമാണിവിടം. ആയിരക്കണക്കിന് തീർഥാടകരാണ് ദിവസേന ക്ഷേത്രത്തിലെത്തുക. 
മണ്ഡലകാലത്ത് ക്ഷേത്രമൈതാനത്ത് വിരിപ്പന്തൽ, സന്നദ്ധ സംഘടനകളുടെ ഹെൽപ്പ് ഡെസ്കുകൾ, ആധുനികരീതിയിലുള്ള ശൗചാലയങ്ങൾ, ദേവസ്വം ഒരുക്കുന്ന അന്നദാനം, പൊലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യവകുപ്പിലെ ഹോമിയോ, ആയുർവേദ, അലോപ്പതി സഹായകേന്ദ്രം, ആംബുലൻസ് സംവിധാനം, കെഎസ്ആർടിസി യാത്രാസൗകര്യം എന്നിവയുൾപ്പെടെ സജ്ജമാകും. തീർഥാടകർക്ക് താൽക്കാലിക സംവിധാനം ഒരുക്കുന്നതോടൊപ്പം 25 വർഷത്തേക്കുള്ള നവീകരണങ്ങൾ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ തുടങ്ങുന്നത്. വിശദമായ മാസ്റ്റർപ്ലാൻ ഉടൻ തയ്യാറാക്കാൻ നിർദേശം നൽകി.
ഇവിടെയുള്ള ചുവർചിത്രങ്ങൾ അത്യാധുനികരീതിയിൽ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ്‌ പദ്ധതി. മന്ത്രിക്കൊപ്പം ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ ഒ ശ്യാം, ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഇ എസ് ബിജു എന്നിവരും ഉണ്ടായി.


deshabhimani section

Related News

View More
0 comments
Sort by

Home