അപ്പുറമെത്താൻ അടിപ്പാത റെഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 02:21 AM | 0 min read

 ഏറ്റുമാനൂർ 

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ ബസ്‌ സ്‌റ്റാൻഡിൽ നിന്ന്‌ ഇനി റോഡ്‌ മുറിച്ചു കടക്കേണ്ട. അപകടരഹിതമായി ആശുപത്രിയിൽ എത്തിച്ചേരാൻ ഭൂഗർഭപാത ഒരുങ്ങിക്കഴിഞ്ഞു. പാത  വ്യാഴാഴ്‌ച  നാടിന് സമർപ്പിക്കും. രാവിലെ 10 ന്‌ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും.  മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ജില്ലയിലെ ആദ്യത്തെ ഭൂഗർഭ പാതയാണ് അത്യാധുനിക രീതിയിൽ പൂർത്തികരിച്ചത്. അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് പാത തുടങ്ങുന്നത്. അവിടെനിന്ന്‌ മെഡിക്കൽ കോളജ് ബൈപാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാതയുടെ നിർമാണം. പ്രതിദിനം ഏഴായിരത്തോളം പേരാണ് ഒപിയിലടക്കം  ആശുപത്രിയിൽ എത്തുന്നത്. വാഹനങ്ങളുടെയും റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരുടെയും ബാഹുല്യം ഇവിടെ ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിരുന്നു.
രണ്ടു വർഷം മുൻപ് സംഘടിപ്പിച്ച വികസന ശിൽപ്പശാലയിലാണ് മന്ത്രി വി എൻ വാസവൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്. 1.30 കോടി രൂപ ചെലവിട്ടാണ് പാതയുടെ നിർമാണം.18.576 മീറ്റർ  നീളവും അഞ്ചുമീറ്റർ  വീതിയുമുണ്ട്‌.  ഉയരം 3.5 മീറ്റർ. പാതക്കുള്ളിൽ  ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും സജ്ജമാണ്. പിഡബ്ല്യുഡി യുടെ നേതൃത്വത്തിൽ പാലത്ര കൺസ്ട്രക്ഷൻസ് ആണ് നിർമാണം പൂർത്തിയാക്കിയത്. യോഗത്തിൽ  കലക്ടർ ജോൺ വി സാമുവേൽ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സംസാരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home