പൂക്കളം വിടർന്നു പൂപോലെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 12:44 AM | 0 min read

കോട്ടയം
മുറ്റത്തും തൊടിയിലുമെല്ലാം പൂക്കാലം, ഓണക്കാലമായാൽ പൂക്കളങ്ങളുടെ വർണ്ണപ്പൊലിമയും. അത്തംമുതൽ പത്തുനാളും പൂക്കളങ്ങളാൽ മുറ്റങ്ങൾ നിറഞ്ഞിരുന്ന കാലം നമുക്കത്ര വിദൂര ഓർമയല്ല. തൊടിയിലും പാടത്തും പൂവിറുക്കാൻ ആളുകൾ കുറഞ്ഞെങ്കിലും ഓണാഘോഷങ്ങൾക്ക്‌ മാറ്റ്‌ കുറയ്‌ക്കാൻ മലയാളി ഒരുക്കവുമല്ല. പൂക്കൾ വാങ്ങിയിട്ടായാലും തിരുവോണത്തിന്‌ പൂക്കളമൊരുക്കുന്നവരാണേറെയും. ഇനി അതിനും കഴിയാത്തവർക്ക്‌ ചങ്ങനാശേരിൽ നിന്നൊരു സന്തോഷവർത്തമാനം, ആവശ്യമെങ്കിൽ റെഡിമെയ്‌ഡ്‌ പേപ്പർ പൂക്കളങ്ങളും ഇവിടുണ്ടേ...
കൊടിനാട്ടുകുന്ന്‌ തെക്കേക്കാട്ട്‌ ബെസ്‌റ്റി തോമസാണ്‌ റെഡിമെയ്‌ഡ്‌ പൂക്കളങ്ങൾ കൊണ്ട്‌ വിസ്‌മയം തീർക്കുന്നത്‌. ഇറക്കുമതിചെയ്ത വിവിധനിറത്തിലുള്ള പ്രത്യേകതരം പേപ്പറുകൾ പൂവിതളുകൾപോലെ വെട്ടിയൊരുക്കിയാണ്‌ പൂക്കളങ്ങൾ ഒരുക്കുന്നത്‌. പൂക്കളത്തിന്റെ ഡിസൈനുകൾ തുണിയിൽ പ്രിന്റെടുത്ത്‌ അതിൽ വെട്ടിയൊരുക്കിയെടുത്ത പേപ്പർ പൂക്കൾ ഒട്ടിച്ചുചേർത്താണ്‌ നിർമാണം. 
   പേപ്പർ പൂക്കൾ ഒരുരാത്രി കൊണ്ട്‌ തുണിയിൽ നന്നായി ഒട്ടിച്ചേരും പിന്നെ ആവശ്യക്കാരിലേക്ക്‌. ആവശ്യം കഴിഞ്ഞാൽ മടക്കിയെടുത്ത് സൂക്ഷിക്കാം വീണ്ടും ഉപയോഗിക്കാം. രണ്ടടിയും മൂന്നടിയുമുള്ള പൂക്കളങ്ങളാണ്‌ ഒരുക്കുന്നത്‌. ഇത്തരത്തിൽ ഒറ്റയ്‌ക്കൊരു പൂക്കളം തീർക്കണമെങ്കിൽ ആറുദിവസമെങ്കിലും എടുക്കും. ഡിസൈൻ അനുസരിച്ച്‌ വിലയിലും ഏറ്റക്കുറച്ചിലുണ്ട്‌. രണ്ടടിയുള്ള പൂക്കളത്തിന്‌ 2500മുതൽ 3500രൂപവരെയാണ് വില. മൂന്നടിയുള്ളവയ്‌ക്ക്‌ 3600മുതൽ 4200 രൂപവരെയും. 
 
 


deshabhimani section

Related News

View More
0 comments
Sort by

Home