വീടുകളിൽ ഹിറ്റാണ്‌ 
കെ ഫോൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 02:13 AM | 0 min read

കോട്ടയം
കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സ്വപ്‌നപദ്ധതിയായ കെ ഫോൺ ജില്ലയിൽ കൂടുതൽ വ്യാപകമാകുന്നു. ഡിജിറ്റൽ അന്തരം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി പെയ്‌ഡ്‌ കണക്ഷൻ നൽകി തുടങ്ങിയതോടെ കൂടുതൽ കുടുംബങ്ങൾ കെ ഫോൺ ഏറ്റെടത്തുവെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഇതിനകം ജില്ലയിലെ 2793 വീടുകളിൽ കണക്ഷൻ നൽകിയെന്ന്‌ കെ ഫോൺ പ്രതിനിധികൾ പറഞ്ഞു. അപേക്ഷ നൽകിയാൽ ഒരാഴ്ചക്കുള്ളിൽ കണക്ഷൻ ലഭിക്കുമെന്നതും പദ്ധതിയോട്‌ ജനങ്ങളെ കൂടുതൽ അടുപ്പിക്കുന്നു. കൂടാതെ 301 ബിപിഎൽ കുടുംബങ്ങളിലും 1513 സർക്കാർ ഓഫീസുകളിലും കെ ഫോൺ സേവനം ലഭ്യമാക്കി. 
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ ‘എന്റെ കെ ഫോൺ’ വഴി പെയ്‌ഡ്‌ കണക്ഷൻ വരിക്കാരാകാം. പ്ലേസ്റ്റോറിലും ആപ്‌സ്‌റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. കെ ഫോണിന്റെ www.kfon.in എന്ന വെബ്സൈറ്റിലൂടെയും സേവനം ലഭിക്കും. കെ ഫോണുമായി കരാറുള്ള പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയും കണക്ഷൻ ലഭിക്കും. ഇതിനായി ജില്ലയിലെ 187 ഓപ്പറേറ്റർമാർ കരാർ ഒപ്പിട്ടുണ്ട്‌. പെയ്‌ഡ്‌ കണക്ഷൻ വ്യാപകമായതോടെ നഗര-–- ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നു. 
പ്രതിമാസം, മൂന്ന്‌ മാസം, ആറുമാസം, ഒരു വർഷം എന്നീ പ്ലാനുകളിലാണ് സേവനം. മോഡം, ഇൻസ്റ്റലേഷൻ എന്നിവ സൗജന്യമാണ്. ഒരു മാസത്തിന് 299രൂപ മുതലുള്ള പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനിൽ 20 എംബിപിഎസ് വേഗത്തിൽ 3000 ജിബി ലഭിക്കും. വിവിധ പ്ലാനുകൾക്ക്‌ അനുസരിച്ച്‌ വേഗം മാറിവരും. പരാതികൾക്കും മറ്റ്‌ വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 18005704466ൽ ബന്ധപ്പെടാം.


deshabhimani section

Related News

View More
0 comments
Sort by

Home