വീണ്ടും കൈപ്പുഴക്കാരനായി ബ്രിട്ടീഷ്‌ എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 08:47 AM | 0 min read

കോട്ടയം > യുകെയിൽ പാർലമെന്റ്‌ സമ്മേളനം അവധിക്ക്‌ പിരിഞ്ഞിരിക്കുകയാണ്‌. സോജൻ ജോസഫിന്റെ സത്യപ്രതിജ്ഞയും പാർലമെന്റിലെ കന്നിപ്രസംഗവും കഴിഞ്ഞു. പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്നതടക്കമുള്ള തിരക്കുകൾ ബാക്കിയുണ്ട്‌. അതിനിടെയാണ്‌ നാട്ടിലേക്ക്‌ ഓടിയെത്തിയത്‌. ചാമക്കാലായിൽ(ആഞ്ഞേൽ) വീട്ടിലെ തിണ്ണയിലിരുന്നപ്പോൾ സോജൻ വീണ്ടും സാധാരണക്കാരനായ കൈപ്പുഴക്കാരനായി.

""വീട്ടിലും നാട്ടിലും എല്ലാവരുടെയും സ്‌നേഹം അനുഭവിക്കുമ്പോഴുള്ള സന്തോഷം വേറെയാണ്‌. നാട്ടിൽ ജീവിച്ചതിനേക്കാൾ കൂടുതൽ കാലം യുകെയിൽ കഴിഞ്ഞിട്ടുണ്ട്‌. എന്നാലും നാടിനു തുല്യം വേറൊന്നില്ല.'' –- സോജൻ പറഞ്ഞു.

ശനി പുലർച്ചെ എത്തിയ  ശേഷം അൽപം വിശ്രമം. അപ്പോഴേക്കും സുഹൃത്തുക്കളും നാട്ടുകാരുമെത്തി. എല്ലാവരുമായും കുശലം പറഞ്ഞു. യുകെ പാർലമെന്റിലെത്തുന്ന ആദ്യ മലയാളി  സോജൻ ജോസഫ്‌ ഞായർ മുതൽ സ്വീകരണങ്ങളുടെ തിരക്കിലാണ്‌.

യുകെ പാർലമെന്റിലെ അനുഭവം?

നാട്ടിലേതുപോലെ തന്നെ മൾട്ടിപാർടി പാർലമെന്ററി സംവിധാനമാണ്‌ യുകെയിലും. ബുധനാഴ്‌ചകളിലാണ്‌ പ്രധാനമന്ത്രിയോട്‌ ചോദ്യം ചോദിക്കാൻ അവസരമുള്ളത്‌. ഏറ്റവും പ്രസക്തമായ ചോദ്യങ്ങളും വ്യക്തമായ മറുപടിയുമായിരിക്കും അവിടെയുണ്ടാകുക. പ്രതിപക്ഷവും ഭരണപക്ഷവും പരസ്‌പരം  ബഹുമാനം പുലർത്തുന്നവരാണ്‌.  വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവിടെ ഓൾ പാർടി പാർലമെന്ററി ഗ്രൂപ്പുകളുണ്ട്‌. എല്ലാ പാർടിക്കാരും അതിൽ അംഗങ്ങളാകും. ഇന്ത്യയുമായുള്ള ബന്ധത്തിനും അത്തരത്തിലൊരു ഗ്രൂപ്പുണ്ട്‌.

എംപി ആയുള്ള പ്രവർത്തനത്തെ എങ്ങനെ കാണുന്നു?

സെപ്‌തംബർ രണ്ടിനാണ്‌ പാർലമെന്റ്‌ ചേരുന്നത്‌. മണ്ഡലത്തിൽ ഓഫീസ്‌ തുറന്നിട്ടുണ്ട്‌. ആഴ്‌ചയിൽ നാല്‌ ദിവസം അവിടെ  ജനങ്ങളുമായി നേരിൽ സംവദിക്കും. ജനങ്ങൾക്ക്‌ എപ്പോൾ വേണമെങ്കിലും നേരിൽ കാണാനും സംസാരിക്കാനും കഴിയുന്നവരാണ്‌ യുകെയിൽ എംപിമാർ. കൗൺസിലർ എന്ന നിലയിലും അല്ലാതെയും പൊതുപ്രവർത്തനരംഗത്ത്‌ പരിചയമുള്ളത്‌ തീർച്ചയായും സഹായകരമാകും.

എതിരാളികളുടെ ശക്തികേന്ദ്രത്തിലെ വിജയത്തെക്കുറിച്ച്‌ ?

ആഷ്‌ഫോഡ്‌ മണ്ഡലത്തിൽ ഏഷ്യക്കാർ വളരെ കുറവാണ്‌. കെന്റ്‌ പ്രദേശം കൺസർവേറ്റീവ്‌ പാർടിയുടെ കോട്ടയാണെന്ന്‌ പറയാം. എന്നാൽ ലേബർ പാർടിക്ക്‌ പൊതുവിൽ ലഭിച്ച സ്വീകാര്യതയും നിലവിലെ ഭരണത്തോടുള്ള എതിർപ്പും വിജയത്തിൽ ഘടകങ്ങളായി. പാർലമെന്റ്‌ സ്ഥാനാർഥിയാകണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടില്ല. മാനസികാരോഗ്യ മേഖലയിലാണ്‌  പ്രവർത്തിച്ചിരുന്നത്‌. മാനസികാരോഗ്യത്തിന്‌ വളരെ പ്രാധാന്യം നൽകുന്ന നാടാണ്‌ യുകെ.


 



deshabhimani section

Related News

View More
0 comments
Sort by

Home