വിസ്മയം വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 12:35 AM | 0 min read

കാഞ്ഞിരപ്പള്ളി > വെള്ളിമേഘക്കെട്ടുകൾ പോലെ കൂറ്റൻ പാറകളിൽ ഇടിച്ച്‌ പതഞ്ഞുപതിക്കുന്ന വെംബ്ലിയിലെ വെള്ളച്ചാട്ടങ്ങൾ കണ്ണിന്‌ കുളിർമ തന്നെയാണ്‌. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി, വടക്കേമല ഭാഗത്താണ് സുന്ദരമായ ഈ മൂന്നു വെള്ളചാട്ടങ്ങൾ–- നൂറേക്കർ, പാപ്പാനി, വെള്ളപ്പാറ. മുണ്ടക്കയം കൂട്ടിക്കൽ കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് മൂന്ന് വെള്ളച്ചാട്ടങ്ങളും. വെംബ്ലിയിൽനിന്ന്‌ ഒരുകിലോമീറ്റർ പോയാൽ കാണാം ആദ്യ വെള്ളചാട്ടമായ നൂറേക്കർ.

നൂറേക്കറിലെ കൊടുംവളവിൽ ഇടതുവശത്ത്‌  20 മീറ്റർ അകലത്തിലാണിത്. പാപ്പാനി തോടിന്റെ ശാഖയായി ഒഴുകുന്നതാണ്‌ നൂറേക്കർ വെള്ളച്ചാട്ടം. നൂറേക്കർ കണ്ട്‌ 400 മീറ്റർ സ്വകാര്യറബർ തോട്ടത്തിലൂടെ യാത്ര ചെയ്താൽ വെള്ളപ്പാറയിലെത്താം. 2000ലധികം അടി ഉയരത്തിൽനിന്ന്‌ പതിക്കുന്നതാണ് വെള്ളപ്പാറ. മൂന്നാമത്തെ വെള്ളച്ചാട്ടമാണ് ഏറെ ആകർഷകം. പാപ്പാനിതോടിന്റെ ഹൃദയഭാഗത്തുള്ള ഈ വെള്ളച്ചാട്ടമാണ്‌ പാപ്പാനി. ഇടുക്കി പാക്കേജിൽപെടുത്തി നിർമിച്ച പാലത്തിന്റെ വരവോടെയാണ് പാപ്പാനി വെളളചാട്ടം പുറംലോകമറിയുന്നത്.

വാഹനങ്ങൾ വരാനും പാർക്കിങ്ങിനും സൗകര്യമുള്ളതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്നതും ഇവിടെ തന്നെ. ഇവിടെനിന്ന്‌ മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ ഓഫ്‌ റോഡ്‌ റൈഡേഴ്‌സിന്റെ സ്വപ്‌ന ഭൂമിയായ ഉറുമ്പിക്കര ടോപ്പിലെത്താം. അതുവഴി വാഗമൺ ഏലപ്പാറ, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക്‌ അരമണിക്കൂർമാത്രം മതി. ദേശീയപാത 183ൽ നിന്ന്‌ മുണ്ടക്കയം -കൂട്ടിക്കൽ റോഡിലൂടെ കൂട്ടിക്കൽ ചപ്പാത്ത് ജങ്‌ഷനിൽ എത്തി ഇടത്തോട്ട്‌ തിരിഞ്ഞ് കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിലെത്താം.


deshabhimani section

Related News

View More
0 comments
Sort by

Home