‘ചങ്ങനാശേരിയുടെ 
വേളാങ്കണ്ണിക്ക്‌ 25’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 03:24 AM | 0 min read

 കോട്ടയം > ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌ കോട്ടയം, പാലക്കാട്‌, പഴനി വഴി വേളാങ്കണ്ണിക്ക്‌ പോകുന്ന ബസ്‌ സ്‌റ്റാൻഡിൽ പാർക്ക്‌ ചെയ്‌തിരിക്കുന്നു, ബസ്‌ ഉടൻ പുറപ്പെടും’. കഴിഞ്ഞ 25 വർഷമായി  ദിവസവും പകൽ രണ്ടോടടുപ്പിച്ച്‌ ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ കേൾക്കാറുള്ള അറിയിപ്പാണിത്‌. 1999 മേയിലാണ്‌ കെഎസ്‌ആർടിസിയുടെ ആദ്യ വേളാങ്കണ്ണി സർവീസായി ചങ്ങനാശേരിയിൽനിന്നും സൂപ്പർ എക്‌സ്‌പ്രസ്‌ യാത്ര തുടങ്ങുന്നത്‌. കോട്ടയം, തൃശൂർ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരുൾപ്പെടെയുള്ള യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ്‌ സർവീസ്‌ തുടങ്ങിയത്‌.

ചങ്ങനാശേരിയിൽനിന്നും പകൽ 2.30ന്‌ ആരംഭിച്ച്‌ പിറ്റേന്ന്‌ പുലർച്ചെ 5.45ന്‌ വേളാങ്കണ്ണിയിൽ എത്തുംവിധമാണ്‌ സർവീസ്‌. കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്‌, പൊള്ളാച്ചി, പഴനി, ദിണ്ഡിഗൽ, ട്രിച്ചി, തഞ്ചാവൂർ, നാഗപ്പട്ടണം വഴി വേളാങ്കണ്ണിയിലേക്ക്‌ 750ഓളം കിലോമീറ്ററാണ്‌ ഈ ബസ്‌ താണ്ടുന്നത്‌. ടിഎസ്‌ 590, 591 ബോണറ്റ്‌ നമ്പരുകളിലുള്ള സൂപ്പർ എക്‌സ്‌പ്രസ്‌ ബസുകളായിരുന്നു ആദ്യം സർവീസ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ സൂപ്പർ ഫാസ്‌റ്റ്‌ ആയി. 2015ൽ വീണ്ടും സൂപ്പർ എക്‌സ്‌പ്രസായി. പിറ്റേ വർഷം പിന്നെയും സൂപ്പർ ഫാസ്‌റ്റായെങ്കിലും യാത്രക്കാരുടെ എണ്ണവും വരുമാനവും ഗണ്യമായി വർധിച്ചതോടെ 2017ൽ സൂപ്പർ എക്‌സ്‌പ്രസായി ഉയർത്തി. എടിസി 93, 95 എന്നീ ബോണറ്റ്‌ നമ്പരുകളിലെത്തിയ ബസുകൾക്ക്‌ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി ആരാധകരുണ്ടായിരുന്നു. 
 
കോർപറേഷന്റെ ഹിറ്റ്‌ സർവീസുകളിൽ ഒന്നായ ഇതിന്‌ നിരവധി യാത്രക്കാരും ആരാധകരും ഉണ്ട്‌. ഒരു ലക്ഷം രൂപയ്‌ക്കടുത്ത്‌ വരുമാനവുമുണ്ട്‌. 2015ൽ സർവീസ്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റാനുള്ള തീരുമാനത്തെ തുടർന്ന്‌ വൻ പ്രതിഷേധമുണ്ടായി. സ്വിഫ്‌റ്റിന്‌ സർവീസ്‌ കൈമാറാൻ തീരുമാനിച്ചപ്പോൾ ബസിൽ മുഖം പൊത്തി കരഞ്ഞ ഡ്രൈവർ പൊന്നുക്കുട്ടന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നിലവിൽ സ്വിഫ്‌റ്റ്‌ സൂപ്പർ ഡീലക്‌സായി സർവീസ്‌ ഉയർത്തിയിട്ടുണ്ട്‌. ചേർത്തലയിൽനിന്നും വേളാങ്കണ്ണിക്ക്‌ സർവീസ്‌ ആരംഭിച്ചെങ്കിലും പിന്നീട്‌ അത്‌ ആഴ്‌ചയിൽ ഒരിക്കലായി.


deshabhimani section

Related News

View More
0 comments
Sort by

Home