‘ആടിയുലഞ്ഞ്‌ ആഹാരം കഴിക്കണോ'.... നേരെ കോടിമതയിലേക്ക്‌ പോകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 10:13 AM | 0 min read

കോട്ടയം> കൊടൂരാറിന്റെ ഭംഗി ആസ്വദിച്ചും ഇളംകാറ്റേറ്റും ഓളപ്പരപ്പിൽ താളംതുള്ളുന്ന ബോട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ ആർക്കാ ഇഷ്‌ടമില്ലാത്തത്‌. എന്നാൽ ഒരുമടിയും വേണ്ട....വണ്ടി നേരെ കോടിമതയിലേക്ക്‌ വിട്ടോ. മതിയാവോളം ഭക്ഷണം ആസ്വദിച്ച്‌ കഴിക്കാൻ കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌ തയ്യാറാണ്‌. ഭക്ഷണപ്രേമികളുടെ പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്‌ ഈ റെസ്‌റ്റോറന്റ്‌.

ഫ്ലോട്ടിങ്‌ റെസ്റ്റോറന്റും അതിലെ രുചിക്കൂട്ടും ഒരുക്കിയിരിക്കുന്നത്‌ നമ്മുടെ കുടുംബശ്രീതന്നെ. നിരവധിയാളുകളാണ് ബോട്ടിലിരുന്ന് ഭക്ഷണം കഴി ക്കുന്നതിനായി ഇവിടെ എത്തുന്നത്‌. നഗരത്തിൽ ആദ്യമായിട്ടാണ്‌ ഇത്തരം ഒരാശയം നടപ്പിലാക്കുന്നത്‌. നഗരസഭയുടെ 21–-ാം വാർഡ്‌ ശ്രീലക്ഷ്‌മി കുടുംബശ്രീ അംഗം രാജിയും, 29–-ാം വാർഡ്‌ ധനലക്ഷ്‌മി കുടുംബശ്രീ അംഗം ശാലിയുമാണ്‌ ഫ്ലോട്ടിങ്‌ റെസ്റ്റോറന്റിന്റെ സംരംഭകർ. സൗത്ത്‌ സിഡിഎസിന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തനം.
പ്രഭാതഭക്ഷണത്തിനുപുറമെ ഉച്ചയ്ക്ക് ഊണിനൊപ്പം മീൻ കറിയും സ്‌പെഷ്യലും. ലിവർ ഫ്രൈ, മീൻ പീര, കക്ക ഇറച്ചി, ബീഫ്, അയല വറുത്തത് എന്നിവയാണ് പ്രധാന രുചിക്കൂട്ടുകൾ. കൂടാതെ വൈകുന്നേരങ്ങളിൽ ചായയും സ്‌പെഷ്യൽ ചെറുകടികളും ലഭ്യമാണ്. രാത്രി ആഹാരം പാഴ്‌സലായിട്ടാണ്‌ ലഭിക്കുക. മുപ്പത്‌ പേർക്ക്‌ ഇരിക്കാവുന്ന സംവിധാനമാണ്‌ ബോട്ടിൽ ഒരുക്കിയിരിക്കുന്നത്‌. മുൻപ്‌ സർവീസ്‌ നടത്തിയിരുന്ന ബോട്ട്‌ വാടകയ്ക്ക്‌ എടുത്താണ്‌ ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌ നടത്തുന്നത്‌. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ്‌ ഇതിന്റെ പ്രവർത്തനം.
 



deshabhimani section

Related News

View More
0 comments
Sort by

Home