വനിതാ മതിൽ ജില്ലയിൽ 58 കിലോമീറ്റർ; കണ്ണിയാകാൻ മൂന്നുലക്ഷം പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2018, 04:37 PM | 0 min read

 കൊല്ലം

സ‌്ത്രീ സംഘശക്തിയുടെ പ്രതീകമായി ജില്ലയുടെ രാജവീഥിയിൽ വനിതാ മതിൽ ഉയരുന്നത‌് 58 കിലോമീറ്റർ. ജില്ലയുടെ വടക്കേ അതിർത്തിയായ ഓച്ചിറ മുതൽ തെക്ക‌് കടമ്പാട്ടുകോണംവരെ തൊളോടുതോൾ ചേർന്ന‌് മൂന്നു ലക്ഷം വനിതകൾ അണിനിരക്കും. നവോത്ഥാന മൂല്യങ്ങളും ലിംഗസമത്വവും സംരക്ഷിക്കാനുള്ള കർമപരിപാടികളുടെ ഭാഗമായി കാസർകോടു മുതൽ കന്യാകുമാരി വരെ 2019 ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ ചരിത്രമാക്കുന്നതിന‌് ജില്ലയിൽ ഒരുക്കം ആരംഭിച്ചു.  ജില്ലാ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനായോഗം വനിതാ മതിലിന്റെ ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ  ഉദ്ഘാടനംചെയ്തു. 
 ജെ മേഴ്‌സിക്കുട്ടിഅമ്മ ചെയർപേഴ്‌സണും കലക്ടർ എസ് കാർത്തികേയൻ കൺവീനറുമായി  ജില്ലാതല സംഘാടക സമിതിക്ക് രൂപം നൽകി. നവോത്ഥാന പ്രസ്ഥാനവുമായി ബന്ധമുള്ള വിവിധ സംഘടനകളുടെ പ്രതിനിധികൾ വൈസ് ചെയർമാൻമാരും നിർവാഹക സമിതി അംഗങ്ങളുമായി പ്രവർത്തിക്കും.
എംഎൽഎ ചെയർമാനും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ കൺവീനറുമായി ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കും. നിയോജകമണ്ഡലം സംഘാടക സമിതി യോഗം 15ന് നടക്കും. ഡിസംബർ 18 മുതൽ 20വരെ പഞ്ചായത്തുതല കമ്മിറ്റികളും  22 മുതൽ 25 വരെ വാർഡുതല കമ്മിറ്റികളുംചേരും. ഡിസംബർ 30 നുള്ളിൽ തയ്യാറെടുപ്പ‌് പൂർത്തീകരിക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള  പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
എം നൗഷാദ് എംഎൽഎ, മേയർ വി രാജേന്ദ്രബാബു, കലക്ടർ  എസ് കാർത്തികേയൻ, അസിസ്റ്റന്റ് കലക്ടർ എസ് ഇലക്കിയ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, സംസ്ഥാന യുവജന കമീഷൻ ചെയർപേഴ‌്സൺ ചിന്താ ജെറോം, ജില്ലാ  ലൈബ്രറി കൗൺസിൽ പ്രസിഡന്റ്  പി കെ ഗോപൻ, പൊലീസ‌് കമീഷണർ പി കെ മധു, എസ്എൻഡിപി യോഗം പ്രതിനിധി മോഹൻ ശങ്കർ, ശ്രീനാരായണ സഹോദര ധർമവേദി അധ്യക്ഷൻ  സി കെ  വിദ്യാസാഗർ, വിശ്വകർമ മഹാസഭ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി ആർ ദേവദാസ്, കെഡിഎഫ് സംസ്ഥാന ചെയർമാൻ പി രാമഭദ്രൻ, എസ്എൻഡിപി യൂണിയൻ പ്രതിനിധികളായ കെ സുശീലൻ,  എ സോമരാജൻ, പി സുന്ദരൻ, എൻ രാജേന്ദ്രൻ,  പച്ചയിൽ സന്ദീപ്, പി കെ ശശാങ്കൻ, വനജ വിദ്യാധരൻ, അഖില കേരള വിശ്വകർമ സഭ ജില്ലാ സെക്രട്ടറി പി സുരേഷ്‌കുമാർ, കേരള സാംബവർ സൊസൈറ്റി ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ, കേരള സാംബവ സഭ വനിതാ സമാജം പ്രസിഡന്റ് എൽ അജിതകുമാരി, വീരശൈവ മഹാസഭ പ്രതിനിധി ടി പി കുഞ്ഞുമോൻ, കെപിഎംഎസ് ജില്ലാ സെക്രട്ടറി എൻ ബിജു, കാഥികൻ പ്രൊഫ. വസന്തകുമാർ സാംബശിവൻ, സാംബവ സഭ പ്രതിനിധി വടമൺ വിനോജി, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു. 
 ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ് സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ ജസ്റ്റിൻ ജോസഫ് നന്ദിയും പറഞ്ഞു. 
 


deshabhimani section

Related News

View More
0 comments
Sort by

Home