പ്രക്ഷോഭത്തിൽ കശുവണ്ടിത്തൊഴിലാളികൾ ഒന്നടങ്കം

കൊല്ലം
കശുവണ്ടി വ്യവസായത്തിന്റെ നിലനിൽപ്പിന് തടസ്സമായ കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കാഷ്യൂ
വർക്കേഴ്സ് സെന്റർ (സിഐടിയു) നടത്തിയ പ്രചാരണ ജാഥയെ വരവേറ്റത് തൊഴിലാളികൾ ഒന്നാകെ.
വിവിധ കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം കശുവണ്ടിത്തൊഴിലാളികൾ ജാഥയെ സ്വീകരിക്കാനും കേൾക്കാനുമായി എത്തി. അടിസ്ഥാന വിഷയങ്ങൾക്ക് മറയിട്ട് ജാതിയുടെയും മതത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർക്കൊപ്പം തങ്ങളെകിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു തൊഴിലാളികളുടെ പങ്കാളിത്തം. 17ന് രാവിലെ പത്തിന് നടക്കുന്ന തിരുവനന്തപുരം റിസർവ് ബാങ്ക‌് മാർച്ച‌് വൻ വിജയമാകുമെന്ന സന്ദേശമായി തൊഴിലാളികളുടെ പങ്കാളിത്തം മാറി.
കശുവണ്ടി വ്യവസയത്തിന് വായ്പ നിഷേധിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ നിലപാട്
തിരുത്തുക, കേന്ദ്രസർക്കാർ ഇടപെടുക, തോട്ടണ്ടി ഇറക്കുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയ ചുങ്കം കുറയ്ക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) നേതൃത്വത്തിലാണ‌് മാർച്ച‌്. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.
ഇതിന്റെ പ്രചാരണാർഥമാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കശുവണ്ടി ഫാക്ടറികൾ കേന്ദ്രീകരിച്ച് ജാഥ നടന്നത്. സെന്റർ സംസ്ഥാന പ്രസിഡന്റ് കെ രാജഗോപാൽ, ജനറൽ സെക്രട്ടറി കരിങ്ങന്നൂർ മുരളി എന്നിവർ നയിച്ച രണ്ട് ജാഥകളാണ് പര്യടനം നടത്തിയത്. കേന്ദ്ര സർക്കാർ നയംമൂലം രണ്ടരലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി വ്യവസായം കേരളത്തിന് നഷ്ടമാകുമെന്ന് കാഷ്യൂ വർക്കേഴ്സ് സെന്റർ നേതാക്കൾ ചൂണ്ടികാട്ടി.









0 comments