മുല്ലപ്പള്ളിയെ മറികടന്ന് ഹസ്സന്റെ തീരുമാനം നടപ്പാക്കി; ഡിസിസി യോഗത്തിൽ പോർവിളി

കൊല്ലം
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായി നിയമിതനായശേഷം മുൻ തീയതിവച്ച് കുറുക്കുവഴിയിലൂടെ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നേടുകയും പ്രതിഷേധത്തെ തുടർന്ന് നഷ്ടപ്പെടുകയും ചെയ്തയാളെച്ചൊല്ലി വെള്ളിയാഴ്ച ചേർന്ന ഡിസിസി യോഗത്തിൽ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള പോർവിളി. തുടർന്ന് യോഗം അലങ്കോലപ്പെടുകയും നിർത്തിവയ്ക്കുകയും ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊമ്പുകോർക്കൽ. ഐ ഗ്രൂപ്പിലെ പ്രതാപചന്ദ്രനെതിരെയാണ് സ്വന്തം ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെയും എല്ലാ ഗ്രൂപ്പുകാരും കടന്നാക്രമിച്ചു.
ജില്ലയിൽ ഐ ഗ്രൂപ്പ് ശൂരനാട് രാജശേഖരന്റെയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും നേതൃത്വത്തിൽ മൂന്നായിട്ടാണ് പ്രവർത്തിക്കുന്നത്. ഐ ഗ്രൂപ്പിന്റെ കാര്യം നിശ്ചയിക്കുന്നത് മുല്ലപ്പള്ളിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയാണെന്നും യോഗത്തിൽ ശൂരനാട് രാജശേഖരൻ തുറന്നടിച്ചു. കെപിസിസി സെക്രട്ടറിമാരായ എം എം നസീർ, രതികുമാർ, ഷാനവാസ്ഖാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കലഹം.
പ്രതാപചന്ദ്രനെ ഡിസിസി ജനറൽ സെക്രട്ടറിയായി കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ നിയമിച്ചുവെന്ന് കാണിച്ച് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി കഴിഞ്ഞ 20നാണ് കൊല്ലം ഡിസിസി പ്രസിഡന്റിന് മെയിൽ അയച്ചത്. ഇതിനെതിരെ പ്രതിഷേധമുയരുകയും ഇയാളുടെ നിയമനം റദ്ദുചെയ്യുകയും ചെയ്തിരുന്നു. ഇയാൾ ഐ ഗ്രൂപ്പിൽ ശൂരനാട് രാജശേഖരനൊപ്പമാണ്.
ഡിസിസി യോഗത്തിൽ നേതാക്കളുടെ കൂട്ടത്തിൽ പ്രതാപചന്ദ്രൻ കയറിയിരുന്നത് ഐ ഗ്രൂപ്പിലെ ചന്ദ്രശേഖരൻ വിഭാഗം നേതാക്കളായ കാഞ്ഞിരംവിള അജയനും ഏരൂർ സുഭാഷും കൂട്ടരും ചോദ്യംചെയ്തു. ഇതിനെതിരെ അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് പ്രസാദ് നാണപ്പനും ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദും രംഗത്തെത്തി. ഇവർ ശൂരനാട് രാജശേഖരൻ ഗ്രൂപ്പുകാരാണ്. ബഹളം കൈയാങ്കളിയുടെ വക്കത്തുവരെയെത്തി. തുടർന്ന് അലങ്കോലമായ യോഗം പെട്ടെന്ന് പിരിയുകയായിരുന്നു.
എന്നാൽ, എ ഗ്രൂപ്പിൽനിന്നും വിഷ്ണു വിജയനെയും നെത്സൺ സെബാസ്റ്റ്യനെയും ഡിസിസി ഭാരവാഹികളായി നിയമിച്ചുവെന്നും അതുപോലെ ഐ ഗ്രൂപ്പിൽനിന്ന‌് പ്രതാപചന്ദ്രനെയും നിയമിച്ചുവെന്നാണ് ശൂരനാട് രാജശേഖരന്റെ മറുവാദം. എന്നാൽ, കെപിസിസി പ്രസിഡന്റായിരിക്കെ എം എം ഹസ്സൻ തിരക്കിട്ട് നിയമിച്ചയാളെ മുല്ലപ്പള്ളി അധികാരമേറ്റശേഷം മുൻ തീയതിവച്ച് തമ്പാനൂർ രവി ഡിസിസിയെ അറിയിച്ചതും കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
അതിനിടെ പരാതിയെത്തുടർന്ന് നടപടിയെടുത്ത പുനലൂരിൽനിന്നുള്ള ഡിസിസി ഭാരവാഹി ഐ ഗ്രൂപ്പിലെ സക്കീർ ഹുസൈനു പകരം കൊല്ലത്തുനിന്നുള്ള പ്രതാപചന്ദ്രനെ ഭാരവാഹിയാക്കാൻ ശൂരനാട് രാജശേഖരൻ നടത്തിയ നീക്കമാണ് തർക്കത്തിൽ കലാശിച്ചത്. പ്രതാപചന്ദ്രനെതിരെയുള്ള പരാതി മുല്ലപ്പള്ളി രാമചന്ദ്രൻ വർക്കിങ‌് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന‌് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്.









0 comments