വറ്റിവരളുന്ന പള്ളിക്കലാർ, വിണ്ടുകീറി ആര്യൻപാടം: ആശങ്ക വേണ്ടെന്ന് വിദഗ്ധർ

കരുനാഗപ്പള്ളി
ഇരുപതു ദിവസം മുമ്പ് പ്രളയജലം കുത്തിയൊഴുകിയെത്തി ഇരുകരകളെയും കവർന്ന പള്ളിക്കലാർ വറ്റിവരണ്ടു. പലയിടങ്ങളിലും നേരിയ നീർച്ചാൽ മാത്രമായി നദി അവശേഷിക്കുകയാണ്. വർഷങ്ങൾക്കു ശേഷം നെൽകൃഷിക്കായി തയ്യാറെടുത്തിരുന്ന ആര്യൻപാടവും വറ്റിവരണ്ട നിലയിലാണ്. ഇതോടെ നെൽകൃഷിയുടെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്. ഇത്തവണ മികച്ച വിളവ് ലഭിച്ച വട്ടക്കായലിലെ തുടർ കൃഷിയെ സംബന്ധിച്ചും കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ മാസം 15 മുതൽ നിറഞ്ഞൊഴുകുകയായിരുന്നു പള്ളിക്കലാർ. ഇരുകരകളിലെയും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ചുരുളി മേഖലയിലും തൊടിയൂർ പാലത്തിനു തെക്കുവശവും ആര്യൻപാടത്തിനു സമീപവും നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈ സ്ഥാനത്താണ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വറ്റിവരണ്ട പുഴ ദൃശ്യമായത്. നദീതീരത്തെ കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങളിലും ജലനിരപ്പ് അപകടകരമാംവണ്ണം താഴ്ന്നു കഴിഞ്ഞു. കടുത്ത വേനലിൽ തീരദേശം ഉൾപ്പെടെ ചുട്ടുപൊള്ളുകയാണ്. പ്രളയത്തിൽ ഉണ്ടായ കൃഷിനാശത്തിനു പുറമേ കടുത്ത വേനലിൽ അവശേഷിക്കുന്ന കരകൃഷി കൂടി നാശത്തിന്റെ വക്കിലാണ്.
എന്നാൽ, സ്വാഭാവികമായ വേനൽ മാത്രമാണ‌് ഇതെന്ന് വിദഗ്ധർ പറയുന്നു. സൂര്യൻ ഭൂമധ്യരേഖയ്ക്ക് അടുത്തുവരുന്ന സമരാത്രദിനം 23നാണ്. ഈ സമയത്ത് സൂര്യന്റെ ചൂട് നേരിട്ട് ഭൂമിയിൽ പതിക്കുകയാണ് ചെയ്യുന്നത്. ഭൂമധ്യരേഖയിൽനിന്ന‌് എട്ടുഡിഗ്രി നോർത്തിലായി സ്ഥിതിചെയ്യുന്ന കേരളം ഉൾപ്പെടുന്ന ഭാഗത്ത് സ്വാഭാവികമായും ചൂട് കൂടും. പ്രളയം വന്നതൊഴിവാക്കിയാൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ കുറവാണ് ലഭിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു വരുന്ന മഴക്കാറ് നിലച്ചതും സമുദ്രത്തിൽനിന്നു കയറിവരുന്ന മഴക്കാറില്ലാത്തതും പ്രളയത്തിനു ശേഷം തുടർമഴ ലഭിക്കാതിരുന്നതിനു കാരണമായി. മഹാരാഷ്ട ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദം മൈസൂർ ഭാഗത്തേക്ക് ഒഴിഞ്ഞു പോയതും വിയത‌്നാം ഭാഗത്ത് രൂപം കൊണ്ട മഴക്കാറ് ദിശമാറിപ്പോയതും മഴയുടെ അളവ് കുറച്ചിട്ടുണ്ട്. പുതിയ മഴക്കാറുകൾ ഉണ്ടാകുന്നുമില്ല.
കടലിലെ ജലനിരപ്പ് താഴ്ന്നത് പ്രളയജലം ഉൾപ്പെടെ പൂർണമായും ഒഴുക്കിമാറ്റുന്നതിനും കാരണമായി. എക്കൽ അടിഞ്ഞ് ഉറവകൾ അടഞ്ഞു പോയിട്ടുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. പ്രളയത്തിൽ ഭൂനിരപ്പിലെ മേൽമണ്ണ് ഒലിച്ചുപോയതും ജലം ഭൂമിയിൽ പിടിച്ചുനിർത്തുന്നതിന് തടസ്സമായിട്ടുണ്ട്. ഏതായാലും തുലാവർഷം വരെ കാത്തിരിക്കേണ്ടി വരും നിലവിലെ വേനൽ പ്രതിസന്ധി മറികടക്കാൻ.









0 comments