ബാക്ക് ടു സ്കൂൾ പദ്ധതിക്ക് തുടക്കമായി

കൊല്ലം
പ്രളയക്കെടുതിയിൽ വിദ്യാർഥികൾക്കു നഷ‌്ടമായ പഠന സാമഗ്രികൾ അതാതു സ്കൂളുകളിൽ എത്തിച്ചു നൽകുവാൻ ടികെഎം എൻജിനിയറിങ‌് കോളേജ് ആരംഭിച്ച ബാക് ടു സ്കൂൾ പദ്ധതിക്ക് തുടക്കമായി. കോളേജിലെ പൂർവ വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും സമാഹരിച്ച 25 ലക്ഷം രൂപയ‌്ക്ക‌് രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. പന്തളം ഇടയ്ക്കാട് എൽപി സ്കൂളിൽ ടികെഎം കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹൽ ഹസ്സൻ മുസലിയാർ പദ്ധതി ഉദ‌്ഘാടനം ചെയ്തു. ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിലെ വിതരണത്തിന് സജി ചെറിയാൻ എംഎൽഎ വെൺമണി ഷാലോം സ്കൂളിൽ തുടക്കം കുറിച്ചു. പാണ്ടനാട് ഹോമിയോ ആശുപത്രി ദുരിതാശ്വാസ ക്യാമ്പ‌്, പരുമല എൽപി സ്കൂൾ, പരുമല കെവിഎൽപി സ്കൂൾ, കീഴ്വെൺമണി ഗവ. ജൂനിയർ ബേസിക് സ്കൂൾ എന്നിവിടങ്ങളിൽ പഠനകിറ്റുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ട്രഷറർ ജലാലുദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. എസ് അയൂബ്, ഡോ. ബി സുനിൽ കുമാർ, പ്രൊഫ. മുഹമ്മദ് അസീം, എസ്എം സിയാദ്, ദിമിത്രരാജ് എന്നിവർ പങ്കെടുത്തു.









0 comments