Deshabhimani

അവഗണനയിൽ 
ചെങ്കോട്ട – കൊല്ലം റെയിൽപ്പാത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:05 AM | 0 min read

 

കൊല്ലം
ചെങ്കോട്ട–- -പുനലൂർ–- - കൊല്ലം പാതയിൽ ശബരിമല സ്‌പെഷ്യൽ സർവീസായി സെക്കന്തരാബാദ്–- കൊല്ലം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും ഹൂഗ്ലി–- കൊല്ലം സർവീസ്‌ അനുവദിക്കാതെ റെയിൽവേ. ദീപാവലി പ്രമാണിച്ച്‌ ഒരു ദിവസം മാത്രം സർവീസ്‌ നടത്തിയ ഹൂഗ്ലി–- കൊല്ലം ട്രെയിൻ ശബരിമല തീർഥാടന കാലത്തും ഉണ്ടാകുമെന്ന്‌ തീർഥാടകരും യാത്രക്കാരും പ്രതീക്ഷിച്ചിരുന്നു. ഹൂഗ്ലിയിൽനിന്ന്‌ ആരംഭിച്ച്‌ ബംഗളൂരു, ദണ്ഡുക്കൽ, മധുര, തെങ്കാശി, പുനലൂർ വഴി കൊല്ലത്ത്‌ അവസാനിക്കുന്ന സർവീസ്‌ ശബരിമല തീർഥാടകർക്ക്‌ ഉൾപ്പെടെ ഏറെ പ്രയോജനമായിരുന്നു. ദീപാവലിക്കാലത്തെ ഒറ്റ ദിവസത്തെ സർവീസ്‌ വൻ വിജയമായിരുന്നു. റെയിൽവേയ്‌ക്കും പ്രതീക്ഷിച്ച വരുമാനമുണ്ടായി. ശബരിമല സീസണിൽ ബംഗളൂരു ഭാഗത്തുനിന്നുള്ള സർവീസ് ആരംഭിക്കാത്തതിൽ യാത്രക്കാർ വലിയ പ്രതിഷേധത്തിലാണ്‌. അതിനിടെ പ്രഖ്യാപിച്ച സെക്കന്തരാബാദ്–- കൊല്ലം സ്പെഷ്യൽ ട്രെയിനും ഓടിത്തുടങ്ങിയിട്ടില്ല. ഇപ്പോൾ ക്രിസ്‌മസ്, പുതുവർഷ അവധിക്കാലത്ത് യാത്രക്കാർക്ക് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മേഖലകളിൽനിന്നു കേരളത്തിലേക്ക് വരാൻ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്‌. ബംഗളൂരു ഭാഗത്തുനിന്നു പുനലൂർ വഴി കൊല്ലത്തേക്കോ തിരുവനന്തപുരം നോർത്തിലേക്കോ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കണം. അതിനിടെ കോടികൾ ചെലവഴിച്ച്‌ മീറ്റർ ഗേജിൽനിന്ന്‌ ബ്രോഡ്‌ഗേജിലേക്കു മാറ്റുകയും വൈദ്യുതീകരിക്കുകയും ചെയ്‌ത ചെങ്കോട്ട–- - പുനലൂർ–- - കൊല്ലം റെയിൽവേ പാതയെ പ്രയോജനപ്പെടുത്താൻ റെയിൽവേ തയ്യാറാകുന്നില്ലെന്നാണ്‌ ആക്ഷേപം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾക്കു കൂടുതൽ ഉപകാരപ്രദമാക്കി മാറ്റാവുന്ന പാതയെയാണ്‌ റെയിൽവേ അധികൃതർ അവഗണിക്കുന്നത്‌. 
 


deshabhimani section

Related News

0 comments
Sort by

Home