5ദിവസത്തിനിടെ 
12 കുട്ടികൾക്ക്‌ മുണ്ടിനീര്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 11:00 PM | 0 min read

കൊല്ലം
ജില്ലയിൽ മുണ്ടിനീര്‌ (മംപ്സ്) വ്യാപിക്കുന്നു, അഞ്ചു ദിവസത്തിനിടെ രോഗം ബാധിച്ചത്‌ 12കുട്ടികൾക്ക്‌. വായുവിലൂടെ പകരുന്ന രോഗമായതിനാൽ അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്‌. 15 വയസ്സ്‌ വരെയുള്ള കുട്ടികളിൽ മാത്രം കാണുന്ന രോഗം മുതിർന്നവർക്കും ബാധിക്കുന്നത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നുണ്ട്.  മൈലം, വള്ളിക്കാവ്‌, നിലമേൽ, ശൂരനാട്‌, ശൂരനാട്‌ നോർത്ത്‌, ചടയമംഗലം, വെളിയം, വെളിനല്ലൂർ, ചവറ, പാലത്തറ, മുണ്ടയ്‌ക്കൽ എന്നിവിടങ്ങളിലാണ്‌ രോഗം റിപ്പോർട്ട്‌ചെയ്‌തത്‌. ഉമിനീർ ഗ്രന്ഥിയിലുണ്ടാവുന്ന വീക്കമാണ് മുണ്ടിനീർ അഥവാ മംപ്സ്. രോഗികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വൈറസ് വായുവിൽ പടർന്നാണ്‌ വ്യാപനം. തലച്ചോറിലേക്ക് വ്യാപിച്ചാൽ സ്ഥിതി സങ്കീർണമാകും. 
 "മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ്' വൈറസാണ് രോ​ഗകാരി.  അണുബാധയുണ്ടായാൽ ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയശേഷം നാലുമുതൽ ആറുദിവസംവരെയുമാണ് രോ​ഗം പകരുന്നത്. ലക്ഷണം കണ്ടാൽ അഞ്ചുദിവസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകുന്നത്‌ ഒഴിവാക്കണമെന്ന്‌ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. ജനിച്ച് 16 മുതൽ 24വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയ്ക്കെതിരെ  മംപ്സ്, -മീസിൽസ്- റുബെല്ലവാക്സിൻ (എംഎംആർ) പ്രതിരോധ കുത്തിവയ്‌പ് നൽകിയിരുന്നത്. എന്നാൽ, 2018 മുതൽ കേന്ദ്രസർക്കാർ മുണ്ടിനീരിന്റെ വാക്സിൻ ഇതിൽനിന്ന് ഒഴിവാക്കി. ഇതിനുശേഷം ജനിച്ച കുട്ടികൾക്ക് മുണ്ടിനീരിനെതിരെ പ്രതിരോധശേഷിയില്ലാതായതാണ്‌ പ്രശ്‌നകാരണമെന്ന്‌ അധികൃതർ പറയുന്നു. 
 ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കമുണ്ടാകും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്‌ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവുമുണ്ടാകും. ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നിവയെ ബാധിക്കും. 
പ്രതിരോധിക്കാം
മാസ്‌ക്‌ ധരിക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്. അസുഖം പൂർണമായും വിട്ടുമാറുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.


deshabhimani section

Related News

View More
0 comments
Sort by

Home