ക്ലിന്റ് ഓർമയിൽ ഇന്ന് ക്യാൻവാസ് നിറയും

കൊല്ലം
ഏഴുവയസ്സിനിടെ കാൽലക്ഷം ചിത്രങ്ങൾ വരച്ച് വർണങ്ങളുടെ മായാലോകം സൃഷ്ടിച്ച് ലോകത്തോടും കലയോടും വിടപറഞ്ഞ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ഓർമയിൽ ശനിയാഴ്ച ക്യാൻവാസുകൾ നിറയും. ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിൽ കുഞ്ഞുപ്രതിഭകൾ മികവ് തെളിയിക്കും. ബോൾപോയിന്റ് പേന മുതൽ ചാർക്കോളും ക്രയോൺസും പെൻസിലും വരെയുള്ളവ ഉപയോഗിച്ച് പാഴ്‌ക്കടലാസുകളിലും ക്യാൻവാസിലും വിസ്മയം തീർത്ത ക്ലിന്റിനുള്ള ആദരവാകും മത്സരം. വൃക്കരോഗം ബാധിച്ച് ഏഴാംജന്മദിനാഘോഷത്തിന് ഒരുമാസംമുമ്പ് മടങ്ങിയ കുട്ടിത്താരത്തിന്റെ ചിത്രങ്ങൾ പലതും ലോകോത്തരനിലവാരം പുലർത്തിയവയായിരുന്നു. ആറാംമാസംമുതൽ തുടങ്ങിയ വര അവസാനനാളുകളിലും സജീവമായി തുടർന്നു. കേരളത്തിന്റെ സാംസ്‌കാരികത്തനിമ പ്രധാന വിഷയമായി പകർത്തപ്പെട്ടു. എം ടി ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി 1976 മാർച്ചിൽ ജനിച്ച ക്ലിന്റിന് ഹോളിവുഡ് നടൻ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ പേരിൽനിന്നാണ് അച്ഛനമ്മാർ പേര് കണ്ടെത്തിയത്. ജിസിഡിഎയുടെ നേതൃത്വത്തിൽ 2400 ചതുരശ്രയടിയിൽ 65 ലക്ഷം രൂപ ചെലവിൽ കടവന്ത്രയിൽ ക്ലിന്റിനായി ആർട്ട് ഗ്യാലറിയും നിലവിൽ ഒരുങ്ങുന്നു.
രാവിലെ ഒമ്പതുമുതൽ ആ ശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിലാണ് മത്സരം. 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായാണ് പങ്കെടുപ്പിക്കുന്നത്. ജനറൽ വിഭാഗം: പച്ച –- അഞ്ചുമുതൽ എട്ടുവയസ്സുവരെ, വെള്ള –- ഒമ്പത് മുതൽ 12 വയസ്സുവരെ, നീല -–- 13 മുതൽ 16 വയസ്സുവരെ, പ്രത്യേക വിഭാഗത്തിലെ കുട്ടികൾക്ക് മഞ്ഞ–- അഞ്ചുമുതൽ 10 വയസ്സുവരെ, ചുവപ്പ് –- 11 മുതൽ 18 വയസ്സുവരെ. ജലച്ചായം, എണ്ണച്ചായം, പെൻസിൽ തുടങ്ങിയ വരയ്ക്കാൻ ഉപയോഗിക്കുന്നവ മത്സരാർഥികൾ കൊണ്ടുവരണം. ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനകൾ സംസ്ഥാന മത്സരത്തിൽ പരിഗണിക്കും. അതിൽനിന്ന് സംസ്ഥാന വിജയികളെ പ്രഖ്യാപിക്കും. ജില്ലയിലെ ആദ്യ മൂന്നുസ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകും.









0 comments