ഗാന്ധിഭവനിൽ റോഹന് നൂലുകെട്ട്; 
സമ്മാനമായി സ്വര്‍ണമാല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 11:03 PM | 0 min read

പത്തനാപുരം
പേരുചൊല്ലി വിളിക്കാൻ അച്ഛനരികിൽ ഇല്ലെങ്കിലും കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഗംഭീരമാക്കി പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങളും സേവന പ്രവർത്തകരും. ഡൽഹി ആനന്ദ് വിഹാർ സ്വദേശിനി റൂഹി ശർമയുടെ കുഞ്ഞിനാണ് പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിയും സെക്രട്ടറി പുനലൂർ സോമരാജന്റെ ഭാര്യയുമായ പ്രസന്നാ രാജൻ നൂലുകെട്ടിയത്. ഗാന്ധിഭവനിലെ സർവമത പ്രാർഥനാ ഹാളിലായിരുന്നു നൂലുകെട്ട്‌.  പുനലൂർ സോമരാജൻ നിർദേശിച്ച ‘റോഹൻ' എന്ന പേരാണ്‌ കുഞ്ഞിനിട്ടത്‌. ഗാന്ധിഭവനിൽ അന്നദാനം നടത്താനെത്തിയ വർക്കല സ്വദേശിയും റിട്ട. അധ്യാപികയുമായ ഡി ശോഭനകുമാരി കുഞ്ഞിന് 4.4ഗ്രാമിന്റെ മാല നൽകി. 
ഒന്നരമാസം മുമ്പാണ് കൊല്ലം വനിതാ ശിശുസംരക്ഷണ വകുപ്പിന്റെ ശുപാർശപ്രകാരം എട്ടുവയസ്സുകാരനായ മകൻ പൃഥ്വിരാജിനൊപ്പം ഗർഭിണിയായ റൂഹി ശർമയെ പൊലീസ് ഗാന്ധിഭവനിൽ എത്തിച്ചത്. ഭർത്താവിന്റെ വരവും പ്രതീക്ഷിച്ച് ഗാന്ധിഭവനിൽ കാത്തിരുന്ന റൂഹിയുടെ കഥ മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെ ഭർത്താവിനെക്കുറിച്ച്‌ വിവരമുണ്ടായില്ല. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഡൽഹി സ്വദേശിയായ മുഹമ്മദ് ബിലാലിനെ റൂഹി പരിചയപ്പെട്ടത്‌. തുടർന്ന് ഡൽഹിയിലേക്ക് താമസം മാറിയ റൂഹി ആറുവർഷത്തോളം ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്തു. കേരളത്തിൽ ജോലിചെയ്തിരുന്ന ഭർത്താവിന്റെ നിർദേശപ്രകാരം ട്രെയിൻ കയറി കൊല്ലത്തെത്തിയ റൂഹിയെയും മകനെയും കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയില്ല. യാത്രയ്ക്കിടയിൽ മൊബൈലും ചികിത്സാ ഫയലുകളും കൂടി നഷ്ടപ്പെട്ടതിനാൽ എന്തുചെയ്യണമെന്ന് അറിയാതെ റെയിൽവേ സ്റ്റേഷനിൽ തളർന്നിരുന്ന ഗർഭിണിയായ റൂഹിയെയും മകനെയും പൊലീസ് ഗാന്ധിഭവനിലേക്ക് കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ മാസം ആറിനായിരുന്നു പുനലൂർ താലൂക്കാശുപത്രിയിൽ റൂഹി കുഞ്ഞിന് ജന്മം നൽകിയത്.


deshabhimani section

Related News

View More
0 comments
Sort by

Home