അതിരുകളില്ലാതെ പറന്നുയരാൻ തെന്മല കൂട്ടുകുടുംബം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 01:06 AM | 0 min read

കൊല്ലം
പൈലറ്റാകാനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാല്‍കരിക്കാൻ 180മണിക്കൂറിന്റെ  പറക്കലാണ്‌ ശേഷിക്കുന്നത്‌. ഇതിനകം 70മണിക്കൂർ പരിശീലനം കഴിഞ്ഞു. മാനസികവും വൈകാരികവുമായ സമ്മർദത്തിന് അടിപ്പെടാതെ പ്രവർത്തിക്കാനുള്ള കഴിവ്‌, കൃത്യത, വൈദഗ്ധ്യം എന്നിവ മുൻനിർത്തി പരിശീലനപ്പറക്കൽ ഏറെ സാഹസികവും വെല്ലുവിളി നിറഞ്ഞതുമാണ്‌. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇത്തരത്തിലുള്ള പ്രായോഗിക കഴിവ്‌ ആവശ്യമാണ്‌. ഓക്‌സ്‌ഫോർഡിലെ പഠനം ഞങ്ങളെ അതിനു പ്രാപ്‌തമാക്കി. പറയുന്നത്‌ സൗദി ദമാമിൽ പരിശീലന പറക്കൽ നടത്തുന്ന സ്റ്റുഡന്റ്‌സ് പൈലറ്റുമാരായ തെന്മല ഉറുകുന്ന്‌ സ്വദേശികളും സഹോദരങ്ങളുമായ നിഷാ സൂസൻ സാബു(23)വും ജോയൽ സിബി ജോണും(21). ഉറുകുന്ന്‌ കുറ്റിയിൽ സാബു കുറ്റിയിലിന്റെയും സഹോദരൻ സിബി കുറ്റിയിലിന്റെയും മക്കളാണ്‌. സഹോദരങ്ങളായ പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ പുത്തൻവീട്ടിൽ യഥാക്രമം മേഴ്‌സിയും ബ്ലസിയുമാണ്‌ അമ്മമാർ. ദമാമിൽ ജനിച്ചുവളർന്ന കുട്ടികൾ പ്ലസ്‌ ടു സയൻസ്‌ പഠനം കഴിഞ്ഞാണ്‌ മൂന്നുവർഷം പൈലറ്റ്‌ കോഴ്‌സിനു ചേർന്നത്‌. ദമാമിലെ ഓക്‌സ്‌ഫോർഡ്‌ സൗദിയ ഏവിയേഷൻ അക്കാദമിയിൽ പ്രൈവറ്റ്‌ പൈലറ്റ്‌ ലൈസൻസിനുള്ള തിയറി പൂർത്തിയാക്കിയ ഇവർ ഹസർ അൽ ബാദിനിലെ കൈസൂമ എയർപോർട്ടിലാണ്‌ പരിശീലന പറക്കലിൽ ഏർപ്പെട്ടിരിക്കുന്നത്‌. 
വാണിജ്യ പൈലറ്റ് ലൈസൻസിനായി (സിപിഎൽ)പരിശീലനം നേടുക എന്നത്‌ സന്തോഷകരമായ കാര്യമാണ് ഇരുവരും പറഞ്ഞു. സഹോദരി ഡോ. മീഖാ മറിയത്തെപ്പോലെ മെഡിക്കൽ മേഖലയിലേക്കു തിരിയാനാണ് വീട്ടുകാർ ഉപദേശിച്ചത്. എന്നാൽ, ഞാൻ വഴങ്ങിയില്ല, അക്കാദമിയിലെ ആദ്യ വനിതാ സ്റ്റുഡന്റ്‌ പൈലറ്റ്‌ കൂടിയായ നിഷ പറഞ്ഞു. പിന്നീട്‌ സാധ്യതകൾ മനസ്സിലാക്കി അച്ഛനമ്മമാര്‍ ഉൾപ്പെടെ പിന്തുണച്ചു. നാട്ടിലും സൗദിയിലും കൂട്ടുകുടംബമാണ്‌ ഞങ്ങളുടേത്‌. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദര പുത്രനും കളിക്കൂട്ടുകാരനുമായ ജോയലും എന്റെ പാത പിന്തുടരുകയായിരുന്നു, സ്വപ്‌നം സഫലമാക്കാൻ നിശ്ചയദാർഢ്യം മാത്രം മതി നിഷ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home