കൊല്ലം സ്വദേശിനി യുകെ യൂത്ത് പാർലമെന്റ് അംഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 09:32 AM | 0 min read

കൊല്ലം > യുകെ യൂത്ത് പാർലമെന്റ് അംഗമായി കൊല്ലം കുണ്ടറ സ്വദേശിനി അംന സഫ തടത്തിലിനെ (16)തെരഞ്ഞെടുത്തു. സ്കോഡ്‌ലൻഡ് ലോത്തിയാൻ ഡിവിഷനിൽനിന്നാണ് അംന വിജയിച്ചത്. കുണ്ടറ ഇളമ്പള്ളൂർ തടത്തിൽ വീട്ടിൽ തടത്തിൽ അൻസാറിന്റെയും മലപ്പുറം നിലമ്പൂർ പാതാർ പൂക്കോടൻ ഉമൈറത്തിന്റെയും മകളാണ് അംന. നിലവിൽ സ്കോഡ്‌ലൻഡ് യൂത്ത് പാർലമെന്റ് അംഗവും വിദ്യാഭ്യാസ സബ് കമ്മിറ്റി അംഗവുമാണ്.

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പൊതു തെരഞ്ഞെടുപ്പിലൂടെയും സ്കോഡ്‌ലൻഡിൽ യൂത്ത് പാർലമെന്റ് അംഗങ്ങളിൽനിന്ന്‌ വോട്ടെടുപ്പിലൂടെയുമാണ് തെരഞ്ഞെടുപ്പ്‌. 203 മണ്ഡലങ്ങളിൽനിന്ന്‌ വോട്ടെടുപ്പിലൂടെയും വിവിധ വിഭാഗങ്ങളിൽനിന്നു നോമിനേറ്റ് ചെയ്തും യുകെയിൽ സ്ഥിരതാമസക്കാരായ 11നും 18നും ഇടയിൽ പ്രായമുള്ള 300 പേരെയാണ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്.

യുകെ പാർലമെന്റ് ലോവർ സഭയായ ഹൗസ് ഓഫ് കോമണിലാണ് വാർഷിക സമ്മേളനങ്ങൾ ചേരുന്നത്‌. എഡിൻബർഗ് ഫിർഹിൽ ഹൈസ്കൂളിൽ എസ് 5 (പ്ലസ് ടുവിന് തുല്യം) വിദ്യാർഥിനിയാണ് അംന സഫ. ഇതേ സ്കൂളിലെ എസ് 1 വിദ്യാർഥി അദ്നാൻ അഹമദ് തടത്തിൽ സഹോദരനാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home