വിദ്യാർഥികൾക്കിടയിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി; 5പേർക്കു പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:03 PM | 0 min read

എഴുകോൺ
വെളിയത്ത് നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്കു പരിക്കേറ്റു. ചൊവ്വ പകൽ 3.40ന് വെളിയം മാവിള ജങ്ഷനിലാണ് അപകടം. ഓയൂർ–-കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന ഉപാസന ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര ഭാഗത്തേക്കു പോയ ബസ് നിയന്ത്രണംതെറ്റി റോഡ് വശത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മാവിള പെട്രോൾ പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കൊട്ടാരക്കര വെളിയം ഗവ. ഐടിഐ വിദ്യാർഥികളായ തലവൂർ പാറവിള വീട്ടിൽ ഉമേഷ് (18), ചേത്തടി ഞാറകുഴി വീട്ടിൽ മിഥുൻ മോഹൻ (17), ബസിലുണ്ടായിരുന്ന വെളിയം കോളനി ചരുവിള പുത്തൻവീട്ടിൽ അനന്യ സുരേഷ് (14), വെളിയം അനു നിവാസിൽ ശോഭന (50), ബസ് ഡ്രൈവർ അമൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടകരമായി ബസ് വരുന്നതുകണ്ട് ഓടിമാറിയതിനാൽ നിരവധിപേർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസ് ഇടിച്ചുകയറിയ കടകളും സംഭവസമയം അടഞ്ഞുകിടന്നതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന്‌ ഇടയാക്കിയതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. എന്നാൽ, കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. 
 


deshabhimani section

Related News

View More
0 comments
Sort by

Home