മനുഷ്യനന്മയിലേക്കുള്ള 'യാത്ര'യ്ക്ക് അംഗീകാരത്തിളക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 11:23 PM | 0 min read

കരുനാഗപ്പള്ളി
പ്രകൃതിക്കുമേൽ മനുഷ്യനേൽപ്പിക്കുന്ന ഏതൊരു പ്രഹരവും മാനവരാശിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അന്ത്യം കുറിക്കുമെന്ന സന്ദേശം പകരുന്ന ശാസ്ത്രനാടകം അംഗീകാര നിറവിൽ. പാവുമ്പ ഹൈസ്കൂൾ അവതരിപ്പിച്ച ‘യാത്ര’ നാടകമാണ് സംസ്ഥാന ശാസ്ത്രമേളയിൽ കാണികളുടെ ഹൃദയം കവർന്നത്. പ്രകൃതിയോടൊപ്പമാണ് മനുഷ്യൻ യാത്രചെയ്യുന്നത് എന്ന സന്ദേശമാണ് നാടകം നൽകുന്നത്. 
അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രബോധത്തിന്റെ കൈ ത്തിരിവെട്ടമാകുന്ന നാടകം ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലമാണ് വരാൻ പോകുന്നത് എന്ന ചിന്തയും അവതരിപ്പിക്കുന്നു. ജില്ലാ ശാസ്ത്രമേളയിലെ നാടകമത്സരത്തിൽ ഒന്നാമതെത്തി നാടകം സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ചനടൻ, നടി, സംവിധായകൻ എന്നീ അവാർഡും കരസ്ഥമാക്കി. മികച്ച നടനായി എ ആദിത്യനും നടിയായി ജി എസ് അനുരാധയും തെരഞ്ഞെടുക്കപ്പെട്ടു. നിഹാര, നിവേദ്യ, അക്ഷയ്, ഗണേശൻ, വിസ്മയ, ശിവകാമി എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിഷ്ണു വിനയനാണ്‌ മികച്ച സംവിധായകൻ. സൈനികനായ ഇദ്ദേഹം അവധിക്ക് നാട്ടിൽ എത്തിയാൽ മിക്കസമയവും നാടകപ്രവർത്തനത്തിനായി മാറ്റിവയ്‌ക്കാറാണ്‌ പതിവ്‌. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത നാടകം എ ഗ്രേഡ് നേടി. കഴിഞ്ഞ വർഷം മലയാളം, സംസ്‌കൃതം, അറബ് നാടകങ്ങളിൽ ജില്ലയിൽ ഒന്നാമതെത്തി സംസ്ഥാനതലത്തിൽ മൂന്നു നാടകങ്ങളിലും എ ഗ്രേഡ് നേടാനും സ്കൂളിനു കഴിഞ്ഞിരുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home