ബ്രേക്ക്‌ വാട്ടറിൽ 
ടെട്രാപോഡിന് 28 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 01:03 AM | 0 min read

കൊല്ലം
തങ്കശേരി മീൻപിടിത്ത തുറമുഖം (ഹാർബർ) വികസനത്തിന്‌ 28 കോടി രൂപയുടെ പ്രവൃത്തിക്ക്‌ ഭരണാനുമതി നൽകി ഫിഷറീസ്‌ വകുപ്പ്‌. ഹാർബർ സുരക്ഷയ്‌ക്ക്‌ 2.1 കിലോമീറ്ററുള്ള തങ്കശേരി ബ്രേക്ക്‌ വാട്ടറിൽ ടെട്രാപോഡ്‌ സ്ഥാപിക്കുന്നതിനും കൂറ്റൻ പാറയടുക്കുന്നതിനുമാണ്‌ ഫണ്ട്‌ ചെലവഴിക്കുന്നത്‌. ബ്രേക്ക്‌ വാട്ടറിൽ പകുതിയോളം സ്ഥലത്ത്‌ ടെട്രാപോഡ്‌ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്‌. അവശേഷിക്കുന്നിടത്താണ്‌ പുതുതായി ടെട്രാപോഡ്‌ സ്ഥാപിക്കുന്നത്‌. ഇവിടങ്ങളിൽ ആവശ്യമായ ഭാഗങ്ങളിൽ പാറയും അടുക്കും. 
കൂടാതെ നേരത്തെ ഉണ്ടായിരുന്ന ടെട്രാപോഡ്‌ താഴ്‌ന്നുപോയിടത്തും അവ പുനഃസ്ഥാപിക്കും. പാറ നിരത്തി തങ്കശേരിയിൽ കടലിൽ ബ്രേക്ക്‌ വാട്ടർ സ്ഥാപിച്ചത്‌ ഹാർബറിനും തൊട്ടടുത്തുള്ള കൊല്ലം തുറമുഖത്തിനും സുരക്ഷ ഒരുക്കിയതുപോലെ  വിനോദസഞ്ചാരത്തിനും ഉപകരിച്ചു. തിരയടിക്കുന്നത്‌ ഒഴിവാക്കി നിശ്‌ചലമായി കിടക്കുന്ന ജലനിരപ്പിനുവേണ്ടിയാണ്‌ ബ്രേക്ക്‌ വാട്ടർ സംവിധാനം ഒരുക്കിയത്‌. നാലു കാലുള്ള കോൺക്രീറ്റ്‌ രൂപമാണ്‌ ടെട്രാപോഡ്‌. ഇത്‌ പാറയെ സംരക്ഷിച്ചുനിർത്തി തിരമാലകളെ തടയും. ഒപ്പം മണൽ വന്നടിഞ്ഞ്‌ ഈ ഭാഗത്ത്‌ കടലിന്റെ ആഴം കുറയുന്നത്‌ തടയാനും സഹായിച്ചു. ടെട്രാപോഡ്‌ സ്ഥാപിക്കുന്നതിന്റെ നോഡൽ ഓഫീസർ ഹാർബർ എൻജിനിയറിങ്‌ വകുപ്പ്‌ ചീഫ്‌ എൻജിനിയറാണ്‌. 28 കോടി നബാർഡിൽനിന്ന്‌ മൂന്നുശതമാനം പലിശയ്‌ക്ക്‌  വായ്‌പയെടുത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിൽ മൂന്നുകോടിയോളം രൂപ സർക്കാർ സഹായമാണ്‌. മൂന്നുവർഷത്തിനകം പദ്ധതി പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കും. പദ്ധതി നടത്തിപ്പിന്‌ ഇനി വേണ്ടത്‌ സാങ്കേതികാനുമതി ആണ്‌. തുടർന്ന്‌ ടെൻഡർ നടപടി ഉണ്ടാകുമെന്നും മൂന്നുമാസത്തിനകം നിർമാണം ആരംഭിക്കുമെന്നും ഹാർബർ എൻജിനിയറിങ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ബി എസ്‌ മായ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home