തോപ്പിൽ ഭാസി ഉത്തമനായ മനുഷ്യസ്നേഹിയും കമ്യൂണിസ്റ്റും: അടൂർ ഗോപാലകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 11:27 PM | 0 min read

കരുനാഗപ്പള്ളി
നവീന ആശയങ്ങളിലൂടെ നാടകാവതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് തോപ്പിൽ ഭാസി ആയിരുന്നുവെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മികച്ച കലാകാരൻ മാത്രമല്ല ഉത്തമനായ കമ്യൂണിസ്റ്റും മനുഷ്യസ്നേഹിയുമായിരുന്നു തോപ്പിൽഭാസി എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും ചേർന്ന്‌ സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രം പഠിച്ചിട്ടും ആ തൊഴിൽ മേഖലയിലേക്കു പോകാതെ സമൂഹത്തെ ബാധിച്ചിരുന്ന രോഗങ്ങൾക്കെതിരെ പൊരുതാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 110 സിനിമയ്‌ക്ക് അദ്ദേഹം തിരക്കഥയെഴുതുകയും പത്തോളം സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. പക്ഷേ, നാടകങ്ങളുടെ പേരിലാണ് കേരളം അദ്ദേഹത്തെ ഓർക്കുക. ഗാനങ്ങളെ മനോഹരമായി സന്ദർഭത്തിന്‌ അനുസരിച്ച് സന്നിവേശിപ്പിച്ചത് അദ്ദേഹത്തിന്റെ നാടകങ്ങളെ ജനപ്രീതി ഉള്ളതാക്കി മാറ്റാൻ സഹായിച്ചുവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സാഹിത്യകാരൻ കെ പി രാമനുണ്ണി അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി പ്രോഗ്രാം അസിസ്റ്റന്റ്‌ സി എസ് ചന്ദ്രശേഖരരാജു സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വള്ളിക്കാവ് മോഹൻദാസ്, വി പി ജയപ്രകാശ് മേനോൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ‘തോപ്പിൽ ഭാസിയുടെ നാടകങ്ങളിലെ സ്വത്വപ്രതിനിധാനങ്ങൾ’ വിഷയത്തിൽ ഡോ. ഷിബു എസ് കൊട്ടാരത്തിൽ, ഡോ. കെ കൃഷ്ണകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വി എൻ മുരളി അധ്യക്ഷനായി. ‘ആധുനിക കേരളസമൂഹ നിർമിതിയിൽ തോപ്പിൽ ഭാസിയുടെ നാടകങ്ങൾ വഹിച്ച പങ്ക്’ വിഷയത്തിൽ ടി എം എബ്രഹാം, ഡോ. കെ ബാബുരാജൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ ഗഫൂർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിലും ലാലാജി ഗ്രന്ഥശാലയുമാണ്‌ കരുനാഗപ്പള്ളിയിലെ പരിപാടിയുടെ സംഘാടനം. ഗായിക കെ എസ് പ്രിയയും സംഘവും ചേർന്ന് തോപ്പിൽഭാസി നാടകങ്ങളിലെ ഗാനങ്ങൾ ചേർത്ത് അവതരിപ്പിച്ച ഗാനമാലികയും അരങ്ങേറി. ഞായർ പകൽ 10.30ന് ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റർ എം സ്വരാജ് പ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് സമാപന സമ്മേളനം കെപിഎസി പ്രസിഡന്റ്‌ ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യും.
 


deshabhimani section

Related News

View More
0 comments
Sort by

Home