സിന്തറ്റിക് ട്രാക്‌ 
നിർമാണം വേഗത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 02:30 AM | 0 min read

 
കൊല്ലം
കായിക പ്രേമികൾക്ക്‌ പ്രതീക്ഷ നൽകി ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പുനരാരംഭിച്ചു. മഴയെത്തുടർന്ന്‌ നിർത്തിവച്ചിരുന്ന ട്രാക്കിന്റെ ടാറിങ്‌ ജോലികളാണ്‌ വീണ്ടും പുരോഗമിക്കുന്നത്‌.  400 മീറ്റർ നീളത്തിൽ എട്ട് ലൈനുള്ള ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ഡബിൾ ബൈൻഡ് ട്രാക്കാണ് ഒരുങ്ങുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് കിറ്റ്കോയാണ്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ്‌ നിർമാണം നടത്തുന്നത്‌. ട്രാക്കിന്റെ കോൺക്രീറ്റും ഓട നിർമാണവും പൂ‌ർത്തീകരിച്ചിരുന്നു. 
ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ജൂണിലാണ് ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്‌ നിർമാണം ആരംഭിച്ചത്. 5.43കോടിയാണ് വകയിരുത്തിയിട്ടുള്ളത്.  കായികതാരങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സിന്തറ്റിക് ട്രാക്‌. മറ്റു സൗകര്യങ്ങൾ ഉണ്ടെങ്കിലും സിന്തറ്റിക് ട്രാക്‌ ഇല്ലാത്തത് കായികമേളകളും മത്സരങ്ങളും ജില്ലയിലേക്ക് കൊണ്ടുവരുന്നതിനു തടസ്സമായി. എന്നാൽ, പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന, ദേശീയ മത്സരങ്ങളും മീറ്റുകളും ഇനി കൊല്ലത്ത്‌ നടത്താം. സിന്തറ്റിക് ട്രാക്കിന്റെ നിർമാണം തുടങ്ങിയതോടെ ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയം അടച്ചിട്ടിരുന്നു. മഴ ശക്തമായില്ലെങ്കിൽ ഒന്നരമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. അതിനിടെ കോർപറേഷൻ ഫണ്ടിൽ സ്റ്റേഡിയം ഗാലറിയുടെയും പവിലിയന്റെയും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. പെയിന്റടി ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. 3.30കോടി രൂപ ചെലവഴിച്ചാണ് നവീകരണം. മറ്റു പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് അടച്ചിട്ടകാലത്ത് വളർന്ന കാടും വെട്ടിവൃത്തിയാക്കും. സിന്തറ്റിക് ട്രാക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഫ്ലഡ് ലൈറ്റും ഫുട്ബാൾ നാച്വറൽ ടർഫും മത്സരത്തിന് എത്തുന്നവർക്ക് വാം അപ് ചെയ്യാനും പരിശീലിക്കാനുമുള്ള പ്രാക്ടീസ് ട്രാക്കും തയ്യാറാകും. ദേശീയമത്സരങ്ങൾക്കുള്ള വേദികളിൽ എട്ട് ട്രാക്കിനു പുറമേ 70 മീറ്റർ നീളമുള്ള പ്രാക്ടീസ് ട്രാക്കാണ് പണിയുക. അഞ്ചു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ടെൻഡർ നടപടികൾക്കു മുന്നോടിയായി പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി. 


deshabhimani section

Related News

View More
0 comments
Sort by

Home