ഗാന്ധിഭവനിലെ മാധവേട്ടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 12:53 AM | 0 min read

പത്തനാപുരം
ടി പി മാധവനുമൊത്തുള്ള ഒമ്പതാണ്ടിന്റെ ഓർമകളിലാണ്‌ പത്തനാപുരം ഗാന്ധിഭവൻ. ഒമ്പത് വർഷം ജ്യേഷ്ഠസഹോദരനായാണ് അദ്ദേഹം അന്തേവാസികൾക്കൊപ്പം കഴിഞ്ഞതെന്ന് ഗാന്ധിഭവൻ മാനേജിങ്‌ ട്രസ്റ്റി പുനലൂർ സോമരാജൻ പറഞ്ഞു. 
മറക്കാനാകാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ചിട്ടാണ് മാധവേട്ടൻ യാത്രയായത്.  ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു, ഒന്നും ബാക്കിയില്ല എന്ന നിരാശയോടെയാണ് 2016 ഫെബ്രുവരി 28ന് അദ്ദേഹം ഗാന്ധിഭവനിൽ എത്തിയത്. എന്നാൽ, ആ സങ്കടത്തിന് ഒരു നീർക്കുമിളയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം മുതൽ അദ്ദേഹം ഊർജസ്വലനായി. മാനസികമായും ശാരീരികമായും ആരോഗ്യം ക്രമേണ വീണ്ടെടുത്തു. വലിയ യാത്രാപ്രേമിയായിരുന്നു. എന്റെ എല്ലാ യാത്രയിലും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഒപ്പം കൂടുമായിരുന്നു. യാത്രകളിൽ അർധരാത്രിയിൽപ്പോലും ഉണർന്നിരിക്കും. 
പുറത്തുപോകാനും മറ്റുള്ളവരുമായി അടുത്തിടപഴകാനും ഒരുപാട്‌ ഇഷ്ടമായിരുന്നു. ആരാധകരുടെ സ്നേഹം നല്ലപോലെ ആസ്വദിച്ചു. പലരും പൊതുപരിപാടികളിലേക്ക്‌ ക്ഷണിച്ചുകൊണ്ടു പോകുമായിരുന്നു. അത്തരം യാത്രകൾ അദ്ദേഹത്തെ കൂടുതൽ ഉന്മേഷവാനാക്കി. ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ ദൂരയാത്രകൾ ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ, എന്റെ യാത്രകൾ തലേന്നുതന്നെ ഓഫീസിൽ അന്വേഷിച്ചറിഞ്ഞ് നേരത്തേതന്നെ തയ്യാറായി നിൽക്കും. 
ഗാന്ധിഭവനിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും വേദിയിൽ അദ്ദേഹമുണ്ടാകും. ഗാന്ധിഭവൻ സന്ദർശിക്കാനെത്തുന്ന വിശിഷ്ടാതിഥികളെ മുന്നിൽനിന്ന് സ്വീകരിക്കാനുള്ള ചുമതല  അദ്ദേഹത്തിനാണ്‌. ഗാന്ധിഭവനിലെ കുട്ടികൾക്കൊപ്പം കളിയും ചിരിയുമായി സമയം ചെലവഴിക്കാനായിരുന്നു ഏറ്റവും ഇഷ്ടം. 
ചിലപ്പോൾ കൊച്ചുകുട്ടിയുടെ പിടിവാശി  പ്രകടിപ്പിച്ചിരുന്നു. അനാരോഗ്യവും മറവിരോഗവുമായിരുന്നു അതിനു കാരണം. എന്നാൽ, ഞാൻ ഇടപെടുമ്പോൾ ഒരു കുഞ്ഞിന്റെ നൈർമല്യത്തോടെ അനുസരിക്കുമായിരുന്നു. കാരണം, എന്തിനും ആശ്രയമായ ഒരു അനുജനായിരുന്നു ഞാൻ അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ വേർപാടിന്റെ ദുഃഖത്തിലും വലിയൊരു ആശ്വാസമുണ്ട്. ഗാന്ധിഭവനിൽ ഉണ്ടായിരുന്ന കാലമത്രയും മാധവേട്ടനെ നല്ലപോലെ ശുശ്രൂഷിക്കാൻ കഴിഞ്ഞു–- പുനലൂർ സോമരാജൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home