കൊല്ലം സ്വദേശികളായ ദമ്പതികൾ സൗദിയിൽ മരിച്ചനിലയിൽ

തൃക്കരുവ > ദമ്പതികളെ സൗദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. നടുവിലച്ചേരി മംഗലത്ത് കുളത്തിനു സമീപം മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), രമ്യമോൾ (28) എന്നിവരെയാണ് ദമാം അൽകൊബാർ തുഖ്‌ബയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. കൊല്ലം കാവനാട് സ്വദേശികളാണ്. അനൂപ് മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രമ്യമോൾ കിടക്കയിൽ മരിച്ച നിലയിലുമായിരുന്നു. ഇവരുടെ അഞ്ചുവയസ്സുള്ള മകൾ ആരാധ്യയുടെ കരച്ചിൽകേട്ട് സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രമ്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്കു മാറ്റി. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. അൽകൊബാറിൽ മലയാളി കുടുംബത്തിന്റെ സംരക്ഷണയിലാണ് കുട്ടി.









0 comments