ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ്‌ പണംതട്ടാൻ ശ്രമം: 2പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 11:07 PM | 0 min read

 കൊല്ലം

ഇഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു പണം തട്ടാനുള്ള ശ്രമത്തിനിടയിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവല്ല കോഴിമല പോസ്റ്റ് ഓഫീസ് പരിധിയിൽ കാട്ടൂർ വിപിൻ ബില്ലിൽ വിപിൻ പി വർഗീസ് (39), ആലപ്പുഴ ഉളുന്തിയിൽ മാമൂട്ടിൽ ഹൗസിൽ ബിനോയ് (41) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്‌. 2018ൽ പരാതിക്കാരനായ കൊല്ലം കടപ്പാക്കട സ്വദേശിയുടെ പേരിൽ ഇഡി പിഎംഎൽഎ ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്‌ത്‌ സ്വത്തുകൾ മരവിപ്പിച്ചിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കാനും മരവിപ്പിച്ച സ്വത്തുകൾ തിരികെ ലഭിക്കാനുമെന്ന്‌ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടാൻ ശ്രമിച്ചത്‌. പരാതിക്കാരന്റെ കേസ് നിലവിൽ ഇഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്‌. ഇഡി ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞാണ് തട്ടിപ്പുകാർ സമീപിച്ചത്‌. ജൂലൈ 12ന്‌ ഇയാളെ സംഘം ഫോണിൽ വിളിച്ച് ഇഡി യൂണിറ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞുവിട്ടതാണെന്നറിയിച്ച്‌ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച്‌ കേസ്‌ ഒതുക്കാൻ രണ്ടുകോടി രൂപ ആവശ്യപ്പെട്ടു. പിന്നീടും ഇയാളെ ഇവർ നിരന്തരം ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്വാൻസായി 25ലക്ഷം രൂപ വാങ്ങാനായാണ്‌ ശനി രാവിലെ കൊല്ലത്ത് ഇരുവരും എത്തിയത്‌. പണം നൽകാനായി ഇയാൾ എത്തിയപ്പോൾ സംശയം തോന്നിയ ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്‌ പിടിയിലായത്‌. ചോദ്യം ചെയ്യലിൽ വിപിൻ മൂന്നു തട്ടിപ്പ്‌ കേസുകളിൽ പ്രതിയാണെന്നും ജയിലിൽ കഴിഞ്ഞയാളാണെന്നും തെളിഞ്ഞു. എസ്‌ഐമാരായ എം ശബ്ന, സൽട്രസ്, എഎസ്‌ഐമാരായ ജോയ്, നിസാമുദീൻ, എസ്‌സിപിഒ രാഹുൽ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ കൊല്ലം എസിപി എസ് ഷെരീഫ് അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home