തളിർത്തു... സായന്തന രശ്‌മികളേറ്റ ക്ലാസ്‌ മുറികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 11:16 PM | 0 min read

കൊല്ലം
ക്ലാസ് മുറിയിലെ കൂട്ടുകാർ കഥയും കവിതയും എഴുതി. ഒന്നിച്ചുകൂട്ടിയൊരു പുസ്തകമാക്കിയപ്പോൾ ക്ലാസ് മുറിയിൽ പിറവിയെടുത്ത പുസ്തകമായി ‘സായന്തന രശ്മികൾ' മാറി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക്‌ കീഴിലെ ഫാത്തിമ മാതാ നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിങ്‌ സെന്ററിലെ ബിഎ മലയാളം ഒന്നാംവർഷ വിദ്യാർഥികളാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഞായറാഴ്ചകളിൽ കോളേജിലെ ക്ലാസ് മുറിയിലാണ് പഠിതാക്കൾ ഒന്നിച്ചുകൂടിയിരുന്നത്. വാട്സാപ് ഗ്രൂപ്പ് തുടങ്ങി കഥയെഴുത്ത്, കവിതയെഴുത്ത് മത്സരങ്ങൾ നടത്തി. പിന്നെ കൂട്ടുകാരുടെ രചനകൾ കോർത്തിണക്കി പുസ്തകമാക്കാൻ പദ്ധതിയിട്ടു. ഫെബ്രുവരി 21ന് മാതൃഭാഷാ ദിനത്തിൽ തുടങ്ങിയ ദൗത്യം പുസ്തകമാക്കി സമർപ്പിക്കുകയായിരുന്നു. കഥാകാരൻ എം മുകുന്ദനാണ്‌ പുസ്തകത്തിന്റെ കവർപേജ് പ്രകാശിപ്പിച്ചത്‌. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി പി ജഗതിരാജ് പുസ്തകം പ്രകാശിപ്പിച്ചു. സിൻഡിക്കറ്റ് അംഗം ബിജു കെ മാത്യൂ ഏറ്റുവാങ്ങി. കോട്ടാത്തല ശ്രീകുമാർ അധ്യക്ഷനായി. എൽഎസ്‌സി കോ- –-ഓർഡിനേറ്റർ സാഗർ സൈമൺ ഫ്രാൻസിസ്, അധ്യാപിക ആശ കുറ്റൂർ, അനിൽകുമാർ താഴം, അരുൺകുമാർ കുരീപ്പുഴ, വിജയകുമാർ എന്നിവർ സംസാരിച്ചു. 
പതിനെട്ടു മുതൽ 70 വയസ്സുവരെയുള്ളവരാണ് ബിഎ മലയാളം ഒന്നാംവർഷ പഠിതാക്കളായി ഇവിടെയുള്ളത്. ഇവരിൽ 55പേർ കവിതയും കഥയും അനുഭവക്കുറിപ്പുകളും എഴുതി. ഫെയ്സ്ബുക്കിൽ കവിതകൾ പോസ്റ്റ് ചെയ്യാറുള്ള നാലുപേരൊഴികെ ബാക്കിയുള്ളവരെല്ലാം ആദ്യമായി സാഹിത്യസൃഷ്ടി നടത്തിയവരാണ്. അതിന്റേതായ പാകപ്പിഴകൾ കൂട്ടുകാർ കൂടിയിരുന്ന് തിരുത്തിയാണ്‌ പുസ്തകമാക്കിയത്‌. പതിനെട്ടുകാരന്‍ അമീർഖാനാണ്‌ കവർപേജ് തയ്യാറാക്കിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home