ദുരിതം വിതച്ച് കാറ്റും മഴയും

കൊല്ലം
പകലും രാത്രിയും ഇടവിട്ട് പെയ്ത കടുത്ത മഴയും കാറ്റും ജില്ലയിലാകെ ദുരിതംവിതച്ചു. ദേശീയപാത 66ന്റെ പണി നടക്കുന്നതിനാൽ പലയിടങ്ങളിലും യാത്ര ദുഷ്കരമായി. ഇടറോഡുകൾ ചെളിക്കുളമായി കാൽനടയാത്രയും ബുദ്ധിമുട്ടായി. ചൊവ്വ പകൽ അച്ചൻകോവിലാറിന് സമീപം തേക്ക് വീണ് വീടുകൾ തകർന്നു. ശ്രീദേവി, ശ്രീകുമാർ, ഷിജു എന്നിവരുടെ വീടുകളാണ് തകർന്നത്. കുറ്റാലം, ഐന്തരുവി, ആര്യങ്കാവ്, പാലരുവി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. പാലരുവിയിൽ ശക്തമായ കുത്തൊഴുക്ക് തുടരുന്നു. കുന്നത്തൂർ താലൂക്കിലും വ്യാപക നാശമുണ്ടായി. മരം ഒടിഞ്ഞു വീണ് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുത തൂണുകളും നിലംപൊത്തി. കൃഷി ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ നാശമുണ്ടായി. ചടയമംഗലത്ത് തോട് കരകവിഞ്ഞ് വീട്ടുമുറ്റമടക്കം ഒഴുകിപ്പോയി. നിലമേൽ കണ്ണങ്കോട് വേയ്ക്കൽ തോടിന് സമീപമാണ് സംഭവം. പാങ്ങലുകാട് വീടിനു മുകളിൽ മരംവീണ് മേൽക്കൂര പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആര്യങ്കാവിൽ കൂറ്റൻ മരം ദേശീയ പാതയിലേക്ക് വീണ് തമിഴ്നാട് സ്വദേശികളായ ശബരിമല തീർഥാടകരുടെ കാറും പാർക്ക് ചെയ്തിരുന്ന മൂന്നു വാഹനങ്ങളും ഭാഗികമായി തകർന്നു. ആര്യങ്കാവ് റേഞ്ച് ഓഫീസ് വളപ്പിലെ മഹാഗണി മരമാണ് കടപുഴകിയത്. മൂന്നുപേർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. കാത്തിരിപ്പുകേന്ദ്രം തകർന്നു. വൈദ്യുതകമ്പികളും നാല് വൈദ്യുത തൂണും തകർന്നു. നാട്ടുകാരും വനപാലകരും ചേർന്ന് മരംവെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ജില്ലയിലെ തീരങ്ങളിൽ വ്യാഴം രാത്രി 11.30വരെ 2.8 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.









0 comments