വനിതാ മതിൽ വിജയിപ്പിക്കുക: സിപിഐ എം

കാസർകോട‌്
നവോത്ഥാന സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന വനിതാ മതിലിൽ ജില്ലയിലെ മുഴുവൻ സ‌്ത്രീകളും പങ്കാളികളാവണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ അഭ്യർഥിച്ചു.
നവോത്ഥാന മൂല്യം സംരക്ഷിക്കുക, കേരളം ഭ്രാന്താലയമാക്കരുത‌്, സ‌്ത്രീ–-പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി പുതുവത്സര പിറവി ദിനത്തിൽ തീർക്കുന്ന മതിലിൽ ജില്ലയിലെ ഒരു ലക്ഷം വനിതകളാണ‌് അണിനിരക്കുന്നത‌്. സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പുത്തൻ ഏടായി മാറാൻ പോകുകയാണ‌് വനിതാ മതിൽ. അതിന്റെ ഭാഗമാകുന്നതിൽ എല്ലാവരും അഭിമാനം കൊള്ളുകയാണ‌്. മാറുമറയ‌്ക്കാനും പൊതുവഴിയിലൂടെ സ്വതന്ത്ര്യമായി നടക്കാനും കുട്ടികൾക്ക‌് സ‌്കൂളിൽ പ്രവേശനം ലഭിക്കാനും ക്ഷേത്രത്തിൽ വിഗ്രഹം കണ്ട‌് തൊഴാനും എല്ലാ വിഭാഗത്തിനും അവകാശം ലഭിച്ചത‌് നിരന്തരമായ പോരാട്ടത്തിലൂടെയാണ‌്. ഇത‌് ഓർപ്പെടുത്താനുള്ള അവസരം കൂടിയാണ‌് സ‌്ത്രീകൾ കെട്ടിപ്പൊക്കുന്ന മതിലെന്ന‌് എം വി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവോത്ഥാന സംരക്ഷണ സമിതി ജില്ലാതല സംഘാടക സമിതി നേതൃത്വത്തിലാണ‌് മതിലിനുള്ള പ്രവർത്തനം നടത്തുന്നത‌്. സിപിഐ എമ്മും വർഗ–-ബഹുജന സംഘടനകളും ഇതിന‌് എല്ലാവിധ പിന്തുണയും നൽകും. എൽഡിഎഫും സഹകരിക്കുന്ന കക്ഷികളും മതിലിൽ കണ്ണിയാവും. കാസർകോട‌് മുതൽ ചന്ദ്രഗിരി വഴി കാലിക്കടവ‌് വരെ 44 കിലോമീറ്റർ ദൂരത്തിലാണ‌് മതിൽ ഒരുക്കുന്നത‌്. ആദ്യ കണ്ണിയും ഉദ‌്ഘാടന കേന്ദ്രവും മറ്റും സംഘാടക സമിതി തീരുമാനിക്കും. പകൽ 3.30ന‌് വനിതകൾ നിശ‌്ചയിച്ച കേന്ദ്രങ്ങളിൽ റോഡിന്റെ പടിഞ്ഞാറ‌് വശത്ത‌് അണിനിരക്കും. റോഡിന്റെ കിഴക്ക‌് ഭാഗത്ത‌് മതിലിന‌് അഭിവാദ്യം അർപ്പിക്കാൻ പുരുഷന്മാരും അണിനിരക്കും. 3.45ന‌് മതിലുയരും. നാലിന‌് മതിൽ തീർത്ത‌് പ്രതിജ്ഞയെടുക്കും. ഇതിന‌് ശേഷം സംഘാടക സമിതി നിശ‌്ചയിച്ച കേന്ദ്രങ്ങളിൽ പൊതുയോഗം നടക്കും. നേരത്തെ നിശ‌്ചയിച്ച കേന്ദ്രങ്ങളിലാണ‌് വനിതകൾ എത്തിച്ചേരേണ്ടത‌്.
ആർഎസ‌്എസ‌്–- ബിജെപി വർഗീയവാദികളുടെയും യുഡിഎഫിന്റെയും കള്ളപ്രചാരണങ്ങളെ വെല്ലുവിളിച്ച‌് മതിൽ വിജയിപ്പിക്കാൻ ജില്ലയിൽ ആവേശപൂർവമായ പ്രവർത്തനങ്ങളാണ‌് നടക്കുന്നത‌്. 12 ഏരിയാകമ്മിറ്റികളും 129 ലോക്കൽ കമ്മിറ്റികളും രണ്ടായിരത്തോളം ബ്രാഞ്ചുകളും ഈ മഹാസംരംഭം വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ‌്. വർഗ–-ബഹുജന സംഘടനകളും സജീവമായി രംഗത്തുണ്ട‌്. മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ വില്ലേജുകളിൽ കാൽനട പ്രചാരണ ജാഥകൾ നടന്നുവരികയാണ‌്.
നവോത്ഥാന സദസ്സുകളിലും കുടുംബയോഗങ്ങളിലും വൻ പങ്കാളിത്തമാണുണ്ടായത‌്.ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വിതരണം ചെയ‌്ത ലഘുലേഖകളിലൂടെ ബോധവത‌്കരണ പ്രവർത്തനവും നടത്താനായി. ജില്ലയിലെ ഏറ്റവും വലിയ പാർടിയായ സിപിഐ എമ്മിന്റെ മുഴുവൻ കരുത്തും മതിലിൽ പ്രതിഫലിക്കും. കേരളം തിരിഞ്ഞുനടക്കില്ല. മുന്നോട്ട‌് തന്നെ കുതിക്കുമെന്ന‌് മതിൽ വിളംബരം ചെയ്യും. എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച‌് നാടിനെ കാക്കുന്ന മതിലായി ഇത‌് മാറുമെന്നും എം വി ബാലകൃഷ‌്ണൻ പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ പി ജനാർദനൻ, കെ ആർ ജയാനന്ദ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments