മഞ്ചേശ്വരം കോളേജിലെ ഹോസ‌്റ്റൽ തുറക്കാത്തതിൽ വിമർശനം

കാസർകോട‌്
സാങ്കേതികത്വത്തിന്റെ പേരിൽ വികസനം തടസ്സപ്പെടുത്തരുതെന്ന‌് - ജില്ലാ വികസന സമിതി. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിന്റെ 1.5 കോടി രൂപ ചെലവിൽ നിർമിച്ച ഹോസ്റ്റൽ കെട്ടിടം പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക‌് തുറന്ന് കൊടുക്കാത്തത് സംബന്ധിച്ച ചർച്ചയിലാണ് വിമർശനം. വൈദ്യുതി കണക്ഷൻ നൽകുന്നതിന് 40,450 രൂപ അടക്കാത്തതിനെ തുടർന്നാണ് പ്രവർത്തനക്ഷമമാക്കാൻ കഴിയാതിരുന്നത്. വകുപ്പുകൾ തമ്മിലുള്ള തർക്കവും സാങ്കേതികത്വവും വികസനത്തെ ബാധിക്കുന്നതിനെ പി കരുണാകരൻ എംപി. നിശിതമായി വിമർശിച്ചു. വില്ലേജ് ഓഫീസുകളിൽ നിന്ന് നൽകേണ്ട രേഖകൾക്ക് താലൂക്ക് ഓഫീസിൽ പോവേണ്ട സാഹചര്യം ചില വില്ലേജുകളിലുണ്ട‌്. ഈ സാഹചര്യം ഒഴിവാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
മധൂർ രാംദാസ് നഗർ എസ‌്പി ഓഫീസ് പാറക്കട്ട റോഡിൽ അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്നതിന് കഴിഞ്ഞ വികസന സമിതിയിൽ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. മരം മുറിച്ച് മാറ്റുന്നതിന് സമീപത്തുള്ള 33 കെ.വി ലൈൻ ഓഫ് ചെയ്യണം. മരം മുറിച്ച് മാറ്റുന്നതിന് 4000 രൂപ ചെലവ് വരും. ഈ തുക ആര് വഹിക്കുമെന്ന തർക്കവും പ്രവൃത്തി പൂർത്തിയാക്കുന്നതിന് തടസ്സമായി. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 4000 രൂപ നൽകുമെന്ന‌് കലക്ടർ ഉറപ്പ് നൽകി.
ജില്ലയിലെ മുഴുവൻ അംഗ പരിമിതർക്കും സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സിസംബറിൽ പൂർത്തിയാക്കാൻ കലക്ടർ ഡോ. ഡി ജിത് ബാബു നിർദേശം നൽകി. അർഹരായവർക്ക് മുഴുവൻ പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് ശാന്തമ്മ ഫിലിപ്പ്, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, എഡിഎം എൻ ദേവിദാസ്, ജില്ലാ പ്ലാനിങ് ഓഫീസർ എസ് സത്യപ്രകാശ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു.









0 comments