പ്രതീക്ഷകൾ താളം തെറ്റി; കൊയ്യും മുമ്പ‌് പൊള്ളയായി

തൃക്കരിപ്പൂർ
വിളവെടുപ്പിന് തയ്യാറായ നെല്ല് പരാഗണമില്ലാത്തതിനാൽ പൊള്ളയായി മാറി. ബിരിയാണിക്കും മറ്റും ഉപയോഗിക്കുന്ന (ചെറിയരി) ഗന്ധകശാലയിനത്തിൽ പെട്ട നെല്ലാണ് കാലാവസ്ഥ വ്യതിയാനം മൂലം പൂർണമായും നശിച്ചത്. തങ്കയം പാടശേഖര സമിതി സെക്രട്ടറി പി ശ്രീധരന്റെ ചെറുകാനം വയലിൽ വിരിഞ്ഞ നെൽകതിരുകളാണ് പൊള്ളയായി മാറിയത്.
കഴിഞ്ഞ വർഷം ആദ്യമായി പരീക്ഷിച്ച ഗന്ധകശാല നല്ല വിളവ് നൽകിയിരുന്നു. ഇത്തവണ അഞ്ചു കിലോ നെൽവിത്ത് ഉപയോഗിച്ചു ഞാറ്റടി തയ്യാറാക്കി. പതിവ് മുറയിൽ തന്നെയാണ് കൃഷിയിറക്കിയത്. പതിനഞ്ച് സെന്റിൽ ഇത്തവണയും കൃഷിചെയ്ത ശ്രീധരൻ നെൽമണികൾ തൊട്ടപ്പോഴാണ് കൃഷി നശിച്ചത് ബോധ്യമായത്.
പിലിക്കോട് കാർഷിക കേന്ദ്രം അധികൃതർ ഉൾപ്പെടെ കാർഷിക രംഗത്തെ ഉദ്യോഗസ്ഥർ നെൽകൃഷിയുടെ നാശത്തിന്റെ കാരണം പഠിക്കാൻ എത്തിയെങ്കിലും പ്രളയത്തെ തുടർന്നുള്ള കാലാവസ്ഥ വ്യതിയാനമാണ് നെൽകൃഷി ഇത്തരത്തിലാവാൻ കാരണമെന്ന് പറയുന്നു.
വിത്തിട്ട് 156 ദിവസ കാലാവധിയിൽ കൊയ്യാമെന്ന് അധികൃതർ പറയുന്ന ഗന്ധകശാല എന്ന അപൂർവ ഇനം നെൽവിത്ത് രണ്ടുവർഷം മുമ്പ് വയനാട്ടിലെ പുൽപള്ളിയിൽ നിന്നുമാണ് സഹകരണ അസി. രജിസ്ട്രാറായിരുന്ന ശ്രീധരൻ കൊണ്ടുവന്നത്. കഴിഞ്ഞ വർഷം 11 സെന്റിൽ ഇതേ കൃഷി ചെയ്തപ്പോൾ 12 പറയിലധികം നെൽലഭിച്ചതായി ശ്രീധരനും കൃഷി വകുപ്പ‌് ഓഡിറ്ററായിരുന്ന ഭാര്യ യു സുശീലയും പറയുന്നു. 110 രൂപവരെ കിലോക്ക് വിലയുള്ള അരിയാണ് ഗന്ധകശാലയുടേത്. വർഷങ്ങളായി കാർഷിക മേഖലയിൽ സജീവമായ ഇരുവരും ചേർന്നു മറ്റു ഇനങ്ങളിലുള്ള നെൽകൃഷിയും ചെയ്യുന്നുണ്ട്. പുതിയ ഇനങ്ങളായ പ്രത്യാശ, ശ്രേയസ്, കൈപ്പാട് നിലങ്ങളിൽ വ്യാപകമായ ഏഴോം ഒന്ന്, രണ്ട്, ബസുമതി, പൊന്നി എന്നിവയെല്ലാം ഇതിനകം വിളവെടുത്തു. പ്രാദേശിക കാലാവസ്ഥക്ക് സാധ്യമല്ലെന്ന കാരണത്താൽ തഴയപ്പെട്ട പല കൃഷി രീതികളും ശ്രീധരനും സുശീലയും നിരന്തര പരിശ്രമത്തിൽ കൃഷി ചെയ്യുന്നു. റം ബുട്ടാൻ, മുന്തിരി, തുടങ്ങിയ പഴ വർഗങ്ങളും ഇവരുടെ തോട്ടത്തിലുണ്ട്.









0 comments