സർവകലാശാല എക‌്സിക്യൂട്ടീവ‌് തുടർനടപടിയെടുക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2018, 06:09 PM | 0 min read

കാഞ്ഞങ്ങാ‌ട‌്   
കേന്ദ്ര സർവകലാശാലയുടെ ഭാഗമായി പെരിയയിൽ ശുപാർശചെയ‌്ത മെഡിക്കൽകോളേജ‌് യാഥാർഥ്യമാക്കാൻ സെൻട്രൽ യൂണിവേഴ‌്സിറ്റി എക‌്സിക്യൂട്ടിവ‌് കമ്മറ്റി  തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന‌് മെഡിക്കൽ കോളേജ‌് ആക‌്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എയിംസിന് (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കേരളത്തിൽ സാധ്യതയില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ കോളജ് അനുവദിച്ചു കിട്ടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തും. കാഞ്ഞങ്ങാട് റസ്റ്റ്ഹൗസിൽ ചേർന്ന യോഗം പി കരുണാകരൻ എംപി ഉദ്ഘാടനം ചെയ്തു.
 കേന്ദ്ര സർവകലാശാലയുടെ നിയമങ്ങളിൽ മെഡിക്കൽ കോളജ്, ലോ കോളജ് എന്നിവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലറെ സന്ദർശിച്ച് ഇതിന്റെ സാധ്യത ആരായാനും തീരുമാനിച്ചു. അതിനിടെ കേന്ദ്ര സർവകലാശാലാ ക്യാമ്പസിൽ ഒരു വിഭാഗം വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം ഇവിടെ ആരംഭിക്കേണ്ടിയിരിക്കുന്ന മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കു തടസം സൃഷ്ടിക്കുന്നുവെന്ന സർവകലാശാല വെബ് സൈറ്റിൽ വന്ന പരാമർശത്തെ യോഗം അപലപിച്ചു. ഈ പരാമർശം അടിസ്ഥാന രഹിതമാണെന്ന് യോഗം വിലയിരുത്തി. 
പെരിയ കേന്ദ്രസർവകലാശാല സന്ദർശിച്ച രാഷ‌്ട്രപതിയും ഉപരാഷ‌്ട്രപതിയും  ആരോഗ്യ മന്ത്രി  പല്ലം രാജുവും മെഡിക്കൽ കോളജ് ഇവിടെത്തന്നെ സ്ഥാപിക്കുമെന്ന‌്  ഉറപ്പുനൽകിയിരുന്നു.  മറ്റ് പ്രൊഫഷണൽ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്  ഗവൺമെന്റ‌് നയപരമായി മാറ്റം വരുത്തിയതിനാൽ  മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക്  മാനവവിഭവശേഷി വകുപ്പ‌് എത്തിയപ്പോൾ  സമരസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പി കരുണാകരൻ എംപിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർടി പ്രതിനിധികൾ ഡൽഹിയിൽ ഉപരാഷ‌്ട്രപതിയെയും  മന്ത്രിമാരെയും   കണ്ട് നിവേദനം നൽകി.  
മെഡിക്കൽ കോളേജോ എയിംസോ ജില്ലയിൽ സ്ഥാപിക്കണമെന്ന അഭ്യർഥനക്ക‌് അനുകൂല മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന പ്രസ‌്താവനയാണ‌്  പത്രങ്ങളിൽപിന്നീട‌് വന്നത‌്. ജില്ലയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പാർടി നേതാക്കളും സാംസ്കാരിക നായകന്മാരും വിദ്യാർഥി രംഗത്തെ പ്രവർത്തകരുമെല്ലാം ഒറ്റക്കെട്ടായി മെഡിക്കൽ കോളേജിനുവേണ്ടി ശബ്ദം ഉയർത്തിയവരാണ്. ഈ വസ്തുത മനസിലാക്കിയിട്ടും സ്ഥാപനത്തിന്റെ അകത്ത് നടക്കുന്ന കാര്യങ്ങൾ മെഡിക്കൽ കോളേജുമായി ബന്ധപ്പെടുത്തി ഏതോ ശക്തികൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്നുള്ള പ്രസ്താവനഅങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന‌് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിന്റെ പൊതുവികാരം  വിസിയെ നേരിൽകണ്ട‌് ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.  
ആക‌്ഷൻ കമ്മിറ്റി വർക്കിങ‌് ചെയർമാൻ കെ കുഞ്ഞിരാമൻ എംഎൽഎ,  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീർ, നഗരസഭാ ചെയർമാൻ വി വി രമേശൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പൻ, പി രാമചന്ദ്രൻ നായർ,  പി പി രാജു, ബിൽടെക‌് അബ്ദുള്ള, ഹസിനാർ  എന്നിവർ സംസാരിച്ചു.  കോൺഗ്രസ്, ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല.


deshabhimani section

Related News

View More
0 comments
Sort by

Home