ശിവരാജിനും കുടുംബത്തിനും വാടക വീട‌് മതിയായി

ചെർക്കള
ശിവരാജിനും ഉഷക്കും വാടകവീട്ടിൽ നിന്ന് തെരുവിലേക്കുള്ളത് ഒരു ചുവടു ദൂരം മാത്രം. പതിറ്റാണ്ടുകളായി കഴിയുന്ന വാടക വീട്ടിൽ നിന്നും എവിടെ പോകണമെന്നറിയാതെ വിഷമിക്കുകയാണിവർ. ചെങ്കള പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പാടി വില്ലേജിലെ എടനീരിൽ വാടക വീട്ടിൽ താമസിക്കുന്ന ശിവരാജ്(64), ഭാര്യ ഉഷ (50) എന്നിവരാണ് രോഗവും ഇല്ലായ്മകളും തീർത്ത ദുരിത ജീവിതം എങ്ങനെ താണ്ടുമെന്നറിയാതെ പകച്ചുനിൽക്കുന്നത്. വാടക നൽകാൻ പോലും പണമില്ലാത്തതിനാൽ താമസിക്കുന്ന വീട്ടിൽ നിന്ന് ഏതുനിമിഷവും ഇറങ്ങേണ്ടുന്ന സ്ഥിതിയാണ്.
25 വർഷത്തോളമായി ഇവർ ഇവിടെ താമസിച്ച് വരുന്നു. സർക്കാരിന്റെ ഒരു തുണ്ട് ഭൂമി ലഭിച്ചാൽ ചെറിയ കുടിൽ കെട്ടിയെങ്കിലും താമസം മാറാൻ ഇവർ തയ്യാറാണ്. സ്ഥലത്തിന് വേണ്ടി കാസർകോട‌് താലൂക്കിലും പാടി വില്ലേജ് ഓഫിസിലും പലതവണ അപേക്ഷ നൽകിയെങ്കിലും അധികൃതർ കനിഞ്ഞില്ല. ശിവരാജ് ഹൃദ്രോഗമൂലം ശസ്തക്രിയ കഴിഞ്ഞ് 15 വർഷമായി ചികിത്സയിലാണ‌്. ജോലിക്ക് പോകാൻ കഴിയുന്നില്ല. മരുന്നിന് തന്നെ വൻതുക ചെലവ‌് വരും. ഭാര്യ ഉഷയ‌്ക്ക‌് മണിയംപാറയിൽ കരികല്ല് ക്വാറിയിൽ ജോലിക്കിടെ നാലുവർഷം മുമ്പ് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റതോടെ ഇവരുടെ വരുമാനവും ഇല്ലാതായി. ഇരുവരുടെയും മരുന്നും ദൈനംദിന ചെലവും വീട്ട് വാടകയും അടക്കം ഭാരിച്ച ചെലവുകൾ താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം.
രണ്ട് പെൺമക്കൾ വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ചികിത്സക്ക് പണം കണ്ടെത്താൻ നിർധനരായ ഇവർക്കുമാവുന്നില്ല. ശിവരാജ് വാർധ്യ പെൻഷന് അപേക്ഷിച്ചങ്കിലും ലഭിച്ചില്ല. തങ്ങളുടെ ആശങ്ക ആരെങ്കിലും കാണുമോ എന്നാണ‌് ഇവർ ചോദിക്കുന്നത‌്. ഫോൺ: 9946517475.









0 comments