ആദായനികുതി ഓഫീസിലേക്ക‌് നാളെ പിഎസിഎല്‍ ഫീൽഡ‌് വർക്കർമാരുടെ മാര്‍ച്ച‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2018, 06:01 PM | 0 min read

കാസർകോട്
പേൾസ് ആ​ഗ്രോടെക് കോർപറേഷൻ ലിമിറ്റഡ് (പിഎസിഎൽ) നിക്ഷേപകരുടെ പണം ഉടൻ തിരിച്ചുനൽകി ഫീൽഡ‌് വർക്കർമാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട‌് പിഎസിഎൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ബുധനാഴ‌്ച രാവിലെ പത്തിന് കാസർകോട് ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.
1,54,000 ഏക്കർ ഭൂമിയും ടിഷ്യുകൾച്ചർ പ്ലാന്റും റിസർച്ച‌് ആൻഡ‌് ഡവലപ‌്മെന്റ‌് ലബോറട്ടറിയും ഉൾപ്പെടെ വിവിധമായ ഇൻഫ്രാസ‌്ട്രക‌്ചർ സംവിധാനവുമുള്ള പേൾസ് ആ​ഗ്രോടെക് കോർപറേഷൻ ലിമിറ്റഡ് എന്ന  ഈ സ്ഥാപനം കളക്ടീവ‌് ഇൻവെസ‌്റ്റ‌്മെന്റ‌് സ‌്കീം പ്രകാരമാണ‌് വ്യാപാരം നടത്തുന്നതെന്നാരോപിച്ച‌് 2000ൽ സെക്യുരിറ്റീസ‌് എക‌്സ‌്ചേഞ്ച‌് ബോർഡ‌് ഓഫ‌് ഇന്ത്യ കമ്പനിയുടെ പ്രവർത്തനത്തിൽ കൈകടത്തി. 
2016 ഫെബ്രുവരിയിൽ കമ്പനിയുടെ ഇടപാടുകൾ മരവിപ്പിച്ച‌് സുപ്രീംകോടതി മുൻ ചീഫ‌് ജസ‌്റ്റിസ‌് ആർ എം ലോധ തലവനായി കമ്മിറ്റിയെ നിയോഗിച്ച‌് ഇടപാടുകാരുടെ ബാധ്യതകൾ കൊടുത്തുതീർക്കുന്നതിന‌് ചുമതലപ്പെടുത്തി. എല്ലാ ഇടപാടുകാരുടെയും ബാധ്യതകൾ ആറുമാസത്തിനകം സെക്യുരിറ്റീസ‌് എക‌്സ‌്ചേഞ്ച‌് ബോർഡ‌് ഓഫ‌് ഇന്ത്യ (സെബി) കൊടുത്തുതീർക്കണമെന്ന‌് ഉത്തരവിട്ടു. ഇതിന‌് സെബി ചെയർമാന‌് ചുമതലയും നൽകി. രണ്ടുവർഷം കഴിഞ്ഞിട്ടും ലക്ഷക്കണക്കിന‌് ഇടപാടുകാർക്ക‌് പണം ഇതുവരെ നൽകിയിട്ടില്ല. സെബിയുടെ ഇടപെടൽ കാരണം തൊഴിൽരഹിതരായ ലക്ഷക്കണക്കിന‌് ഫീൽഡ‌് വർക്കർമാർ നേരിടുന്ന പ്രതിസന്ധി ഏറെ വലുതാണ‌്. മാത്രമല്ല കമ്പനിയുടെ പ്രതിസന്ധിക്ക‌്ഫീ കാരണക്കാരല്ലാത്ത ഫീൽഡ‌് വർക്കർമാർ സമൂഹമധ്യത്തിൽ പീഡിപ്പിക്കപ്പെടുകയും വഞ്ചകരായി ചിത്രീകരിക്കപ്പെടുകയുമാണ‌്.  
നിക്ഷേപകരുടെ തുകയും ലാഭവിഹിതവും എപ്പോൾ നൽകുമെന്ന‌് ഉറപ്പുനൽകാൻ സെബിക്കാവുന്നില്ല. ഇടപാടുകാർക്ക‌് കമ്പനി നൽകാനുള്ളത‌് 50,000 കോടി രൂപയുടേതാണ‌്. ഇതിൽ 500 കോടിയും കേരളത്തിലെ നിക്ഷേപകർക്ക‌് നൽകാനുള്ളതും. 
സുപ്രീംകോടതി വിധിപ്രകാരം 354 ലക്ഷത്തോളം നിക്ഷേപകർക്ക‌് തുകയും ലാഭവിഹിതവും യുദ്ധകാലാടിസ്ഥാനത്തിൽ കൊടുത്തുതീർക്കണമെന്നും 53 ലക്ഷം ഫീൽഡ‌് വർക്കർമാർക്ക‌് കൊടുക്കാനുള്ള കമ്മീഷനും അവരുടെ തൊഴിലും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട‌ാണ‌് പിഎസിഎൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത‌്. 
രാവിലെ പത്തിന‌് മാർച്ച‌് ആരംഭിക്കും. സമരസമിതി കൺവീനർ കെ അശോകൻ ധർണ ഉദ‌്ഘാടനം ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home