വില്ലേജ് ഓഫീസുകളുടെ സൗകര്യം മെച്ചപ്പെടുത്തൽ തുടങ്ങി എൻജിഒ യൂണിയൻ പ്രവർത്തനം മാതൃകാപരം: മന്ത്രി ഇ ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്
കാര്യക്ഷമവും ജനസൗഹൃദവുമായ സിവിൽ സർവീസ് യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന നടപടി മാതൃകാപരമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. അജാനൂർ വില്ലേജ് ഓഫീസിനോട് അനുബന്ധിച്ച് നിർമിച്ച ജനസൗഹൃദ ഇരിപ്പിടവും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നിർവഹിച്ച‌് സംസാരിക്കുകയായിരുനു മന്ത്രി. സാമൂഹ്യ പ്രതിബന്ധതയുള്ള സർവീസ‌് സംഘടനകൾ സർക്കാരിന്റെ യശസ് വർധിപ്പിക്കുമെന്നത് നമുക്ക് മുന്നിൽ അനുഭാവങ്ങളാണ്. പ്രളയദുരിതാശ്വസ പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്താൻ സർക്കാരിന‌് കരുത്തായത് ജീവനക്കാരുടെ സാമൂഹ്യ പ്രതിബദ്ധതയാണ‌്. മണ്ണിനോട് അടുത്തുനിൽക്കുന്ന സർക്കാർ ഓഫീസാണ് വില്ലേജ് ഓഫീസ് . വില്ലേജ് ഓഫീസർ പദവി ജനങ്ങളുമായി എറ്റവും അടുത്തിടപഴകാനും ജനങ്ങളുടെ വികാര വിചാരങ്ങൾ നേരിട്ട് മനസിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പറ്റുന്ന പദവിയാണ്. അഴിമതി രഹിത സിവിൽ സർവീസ് എൽഡിഎഫ് സക്കാരിന്റെ പ്രഖ്യാപിത നയത്തോട് എല്ലാ സർവീസ‌് സംഘടനകളും യോജിക്കുന്നുണ്ടെങ്കിലും ചില ഉദ്യോഗസ്ഥർ ഇപ്പോഴും തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവർ പഴയ നിലപാട് മാറ്റി സർക്കാർ ഓഫീസിലെത്തുന്നവരോടുള്ള ഇടപെടൽ സൗഹൃദപരമാക്കണമെന്നും മന്ത്രി പറഞ്ഞു.
അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ അധ്യക്ഷനായി. ഫർണിച്ചർ വിതരണത്തിന്റെ ഉദ്ഘാടനം ഹൊസ്ദുർഗ് തഹസിൽദാർ എസ് ശശിധരൻപ്പിള്ള വില്ലേജ് ഓഫീസർ പി ഗോപാലകൃഷ്ണന് നൽകി നിർവഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം ടി പി ഉഷ, വിവിധ സർവീസ് സംഘടനാ നേതാക്കളായ കെ നരേഷ‌്കുമാർ, എം പി കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ പി ഗംഗാധരൻ സ്വാഗതവും ജില്ലാപ്രസിഡന്റ് എം ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
ജില്ലയിൽ 250 ഓളം ഓഫീസുകൾ മാതൃകാ ഓഫീസുകളാക്കാനും 18 വില്ലേജ് ഓഫീസുകളിലെ സൗകര്യം മെച്ചപ്പെടുത്താനുമാണ് എൻജിഒ യൂണിയൻ തീരുമാനം. കഴിഞ്ഞ വർഷം നൂറോളം ഓഫീസുകളിൽ സംഘടനാ ഇടപെടലിന്റെ ഭാഗമായി മുഴുവൻ ജീവനക്കാരുടെയും ഇതര സംഘടനാ പ്രവർത്തകരുടെയും സഹകരണത്തോടെ ഫയൽ കുടിശിക തീർപ്പാക്കിയിരുന്നു. ഈ വർഷത്തോടെ ഇത‌് 250 ഓളം ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.









0 comments